Uncategorized

പ്രതിരോധ ബജറ്റിൽ 20 ശതമാനം വർദ്ധനവ് വരുത്തി പാകിസ്താൻ; സമീപകാലത്തെ ഏറ്റവും ഉയർന്ന വർദ്ധനവ്

ഇസ്ലാമാബാദ്: പ്രതിരോധ ബജറ്റ് 20 ശതമാനം വ‍ർദ്ധിപ്പിച്ച് പാകിസ്താൻ. പാകിസ്താൻ അതിന്റെ മൊത്തം ബജറ്റിൽ 6.9 ശതമാനം കുറവ് വരുത്തിയപ്പോഴാണ് പ്രതിരോധ ബജറ്റ് 20 ശതമാനം വർദ്ധിപ്പിച്ചിരിക്കുന്നത്. അടുത്തകാലത്ത് പ്രതിരോധ ബജറ്റിൽ വരുത്തിയ ഏറ്റവും ഉയർന്ന വർദ്ധനവാണിത്. 274 ബില്യൺ യുഎസ് ഡോളറിൻ്റെ കടക്കെണിയിലായിരിക്കുമ്പോഴാണ് പാകിസ്താൻ പ്രതിരോധ ബജറ്റിൽ കുത്തനെയുള്ള വ‍ർ‌ദ്ധനവ് വരുത്തിയിരിക്കുന്നത്. പഴയ വായ്പകൾ തിരിച്ചടയ്ക്കാൻ അന്താരാഷ്ട്ര നാണയ നിധിയിൽ (IMF) നിന്ന് വായ്പ തേടിയ പശ്ചാത്തലത്തിൽ കൂടിയാണ് പാകിസ്താൻ പ്രതിരോധ ബജറ്റ് വർദ്ധിപ്പിച്ചിരിക്കുന്നത്.

ജൂൺ 10 നാണ് 2025-26 വർഷത്തേയ്ക്കുള്ള വാർഷിക ഫെഡറൽ ബജറ്റ് പാകിസ്താൻ ധനകാര്യ മന്ത്രി മുഹമ്മദ് ഔറംഗസേബ് അവതരിപ്പിച്ചത്. പാകിസ്താൻ്റെ മൊത്തം വാർഷിക ബജറ്റിന്റെ ഏകദേശം 14.5 ശതമാനമാണ് പ്രതിരോധ സേനയ്ക്ക് അനുവദിച്ചിരിക്കുന്നത്. ഇത് രാജ്യത്തിൻ്റെ ജിഡിപിയുടെ ഏകദേശം 1.9 ശതമാനമാണ്. പാകിസ്താൻ്റെ പ്രതിരോധ ബജറ്റ് വർഷങ്ങളായി ക്രമാനുഗതമായി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.

ഓപ്പറേഷൻ സിന്ദൂരിനിടെ ഇന്ത്യ നടത്തിയ ആക്രമണത്തിൽ പാകിസ്താനിലെ വ്യോമകേന്ദ്രങ്ങൾക്ക് കനത്ത നഷ്ടം നേരിടേണ്ടി വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പാകിസ്താൻ പ്രതിരോധ ചെലവിൽ വൻവർദ്ധന വരുത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇന്ത്യയുമായുള്ള സമീപകാല സൈനിക സംഘർഷവും സിന്ധു നദീജല ഉടമ്പടി ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചതുമാണ് തീരുമാനത്തിന് പിന്നിലെ പ്രധാന ഘടകങ്ങളെന്ന് പാകിസ്ഥാൻ ദിനപത്രമായ ഡോൺ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button