എവറസ്റ്റിന് സമീപത്തായി രാജവെമ്പാലയടക്കമുള്ള പാമ്പുകൾ; ദുരന്തസൂചനയെന്ന് ആശങ്ക

കാഠ്മണ്ഡുവിലും പരിസരത്തുമായികഴിഞ്ഞ ഒരു മാസത്തിനിടെ കണ്ടെത്തിയത് ഒമ്പത് രാജവെമ്പാലയടക്കം 10 പാമ്പുകളെ. കാലാവസ്ഥാ വ്യതിയാനമാണ് ഇതിന് കാരണമെന്നാണ് വിദഗ്ധർ അനുമാനിക്കുന്നത്. സാധാരണയായി നെൽവയലുകൾ, ചതുപ്പുകൾ, കണ്ടൽക്കാടുകൾ തുടങ്ങിയ ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഈർപ്പമുള്ള പ്രദേശങ്ങളിലുമൊക്കെ കാണാറുള്ള ഈ പാമ്പുകളെ ഇപ്പോൾ ഹിമാലയൻ മേഖലയ്ക്ക് സമീപം കണ്ടെത്തിയിരിക്കുകയാണ്. എവറസ്റ്റിൽ നിന്ന് വെറും 160 കിലോമീറ്റർ അകലെയായിട്ടാണ് ഇവയെ കണ്ടത്.
ആഗോളതാപനത്തിന്റെ വ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പാണ് എവറസ്റ്റിന്‍റെ പരിസരത്തുണ്ടായിരിക്കുന്ന രാജവെമ്പാലകളുടെ ഈ സാന്നിധ്യം എന്നാണ് വിദഗ്ധർ പറയുന്നത്. കാലാവസ്ഥാ വ്യതിയാനം തടയുന്നതിനും ജൈവവൈവിധ്യങ്ങളിലുണ്ടാകുന്ന മാറ്റങ്ങളെ ഗൗരവത്തോടെ കാണാനും എത്രയും പെട്ടെന്ന് നടപടികൾ കൈക്കൊള്ളാനും ഇതൊരു കാരണമാണ് എന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.
പാരിസ്ഥിതിക ദുരന്തങ്ങളുടെ സൂചന, സാമൂഹിക പ്രശ്‌നങ്ങൾ എന്നിവയെല്ലാം മുൻനിർത്തി വലിയ ആശങ്കയാണ് പാമ്പുകൾ പ്രത്യക്ഷപ്പെട്ട സംഭവം ഉയർത്തിയിരിക്കുന്നത്. കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, ഭഞ്ജ്യാങ്, ഗുപലേശ്വർ, സോഖോൾ, ഫൂൽചൗക്ക് തുടങ്ങിയ ജനവാസ മേഖലകളിലാണ് പാമ്പുകളെ കണ്ടെത്തിയിരിക്കുന്നത്. വീടുകളിൽ നിന്നും വീടിന്റെ പരിസരത്ത് നിന്നും പാമ്പുകളെ പിടികൂടി സുരക്ഷിതമായി വനങ്ങളിലേക്ക് തുറന്നുവിട്ടിട്ടുണ്ട്. വനത്തിനുള്ളിൽ കണ്ടെത്തിയ പാമ്പുകളുടെ മുട്ടകളും മറ്റും ഇവ ഈ പ്രദേശത്ത് തന്നെ കഴിയാനും പ്രജനനം നടത്താനും സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നതാണ്.




