അടി, തിരച്ചടി: യുക്രെയ്നിൽ വീണ്ടും റഷ്യൻ ഡ്രോൺ ആക്രമണം; റഷ്യൻ യുദ്ധവിമാനങ്ങൾ വീഴ്ത്തിയെന്ന് യുക്രെയ്ൻ

കീവ്: ചൊവ്വാഴ്ച പുലർച്ചെയും യുക്രെയ്നെതിരെ റഷ്യയുടെ ഡ്രോൺ ആക്രമണം. തലസ്ഥാനമായ കീവിനെ ലക്ഷ്യമിട്ടാണ് ശക്തമായ ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ തെക്കൻ തുറമുഖമായ ഒഡെസയിലെ ഒരു പ്രസവ വാർഡിന് കേടുപാടുകൾ സംഭവിച്ചതായി പ്രാദേശിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിനിടെ റഷ്യക്കെതിരെ യുക്രെയ്ൻ തിരിച്ചടിച്ചതായും റിപ്പോർട്ടുണ്ട്. യുക്രെയ്ൻ ആക്രമണത്തിന് പിന്നാലെ റഷ്യ നാല് വ്യോമതാവളങ്ങൾ അടച്ചിട്ടതായാണ് റിപ്പോർട്ട്. റഷ്യയുടെ രണ്ട് യുദ്ധവിമാനങ്ങൾ തകർത്തതായാണ് യുക്രെയ്ൻ്റെ അവകാശവാദം. 76 യുക്രെയ്ൻ ഡ്രോണുകൾ തകർത്തതായാണ് റഷ്യൻ സൈന്യത്തിൻ്റെ അവകാശവാദം.
തിങ്കളാഴ്ച പുലർച്ചെ റഷ്യ യുക്രെയ്നെതിരെ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ശക്തമായ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. നാനൂറിലേറെ ഡ്രോണുകളാണ് തിങ്കളാഴ്ച യുക്രെയ്നെതിരെ റഷ്യ തൊടുത്തുവിട്ടത്. ആക്രമണങ്ങൾ ഇപ്പോഴും തുടരുകയാണെന്നും ബോംബാക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ സുരക്ഷാ സങ്കേതത്തിൽ അഭയം തേടാൻ ആളുകളോട് സൈന്യം ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇന്ന് പുലർച്ചെ നടന്ന റഷ്യൻ ആക്രമണങ്ങളുടെ വ്യാപ്തി വ്യക്തമായിട്ടില്ല.
സമാധാന ചർച്ചകളുടെ ഭാഗമായി നേരത്തെ ഇസ്താംബൂളിൽ റഷ്യൻ, യുക്രേനിയൻ പ്രതിനിധികൾ രണ്ട് റൗണ്ട് ചർച്ചകൾ നേരിട്ട് നടത്തിയിരുന്നു. മരിച്ചവരും ഗുരുതരമായി പരിക്കേറ്റവരുമായ സൈനികർ ഉൾപ്പെടെ 1200 തടവുകാരെ പരസ്പരം കൈമാറാനുള്ള കരാറിൽ ഇരുകക്ഷികളും ഒപ്പുവെച്ചിരുന്നു. ഇതിൽ ആദ്യഘട്ട തടവുകാരെ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് തിരിച്ചയച്ചതായാണ് റിപ്പോർട്ട്. ഇന്നത്തെ കൈമാറ്റം ആരംഭിച്ചു. വരും ദിവസങ്ങളിൽ ഇത് പല ഘട്ടങ്ങളിലായി നടക്കും. ഇപ്പോൾ ഞങ്ങൾ തിരികെ കൊണ്ടുവരുന്നവരിൽ പരിക്കേറ്റവരും ഗുരുതരമായി പരിക്കേറ്റവരും 25 വയസ്സിന് താഴെയുള്ളവരും ഉൾപ്പെടുന്നു എന്ന് സെലെൻസ്കി ടെലിഗ്രാം ആപ്പിലൂടെ വ്യക്തമാക്കിയിരുന്നു. ആദ്യ കൈമാറ്റം നടന്നതായി റഷ്യൻ പ്രതിരോധ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്. എത്ര തടവുകാരെ പരസ്പരം കൈമാറിയെന്ന് പക്ഷെ വ്യക്തമാക്കിയിട്ടില്ല.




