വെൽഫെയർ പാർട്ടി രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും വോട്ട് ചെയ്തു, ഇപ്പോഴെന്താണ് പ്രശ്നം: ആര്യാടൻ ഷൗക്കത്ത്

മലപ്പുറം: മുൻ തിരഞ്ഞെടുപ്പുകളിൽ വെൽഫെയർ പാർട്ടി കോൺഗ്രസിന് വോട്ട് ചെയ്തിരുന്നുവെന്നും അന്നൊന്നും ഇല്ലാത്ത ചോദ്യം ഇന്ന് ഉയരുന്നത് എന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ലെന്നും നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്. 2019-ലും 2024-ലും വെൽഫെയർ പാർട്ടി രാഹുൽ ഗാന്ധിക്ക് വോട്ട് ചെയ്തു. 2024-ൽ തന്നെ പ്രിയങ്ക ഗാന്ധിക്കും വോട്ട് ചെയ്തു. മുമ്പ് വെൽഫെയർ പാർട്ടി ഇടതുപക്ഷത്തിന് വോട്ട് ചെയ്തിരുന്നു. വർഗീയ പാർട്ടി ആണെങ്കിൽ ഇടതുപക്ഷം വോട്ട് വാങ്ങിയത് എന്തിനെന്നും അദ്ദേഹം ചോദിച്ചു. എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചാൽ അപ്പോൾ വർഗീയ പാർട്ടി ആവില്ല. എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചില്ലെങ്കിൽ വർഗീയ പാർട്ടിയാകും.
നിലമ്പൂരിലെ ജനങ്ങൾ അരക്ഷിതരായി കഴിയുകയാണ്. കഴിഞ്ഞ ഒമ്പതു വർഷമായി വാഗ്ദാനങ്ങൾ മാത്രം കേട്ട് അവർ കബളിപ്പിക്കപ്പെട്ടുവെന്നും സ്ഥാനാർത്ഥി ആരോപിച്ചു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുടെ പിന്തുണ യുഡിഎഫിന് പ്രഖ്യാപിച്ചതിന് പിന്നാലെ രാഷ്ട്രീയ പോര് മുറുകുകയാണ്. വർഗീയ പാർട്ടികളുടെ കൂട്ടുകെട്ടായി യുഡിഎഫ് മാറിയെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം. വയനാട് ലോക്‌സഭാ തിരഞ്ഞെടുപ്പ്, പാലക്കാട്, നിലമ്പൂർ ഉപതിരഞ്ഞെടുപ്പുകളിൽ അടക്കം വർഗീയവാദികളുമായി ചേർന്ന് മുന്നോട്ടുപോകുന്ന നിലപാടാണ് യുഡിഎഫ് സ്വീകരിച്ചിരിക്കുന്നത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഉൾപ്പെടെ അതിന്റെ പ്രത്യാഘാതം യുഡിഎഫ് അനുഭവിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
എന്നാൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്‌ലാമിയുമായി എൽഡിഎഫിന് പൂർവ കാലബന്ധമുണ്ടായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതികരിച്ചു. സിപിഐഎമ്മിന് പിന്തുണ നൽകിയപ്പോൾ ജമാഅത്തെ ഇസ്‌ലാമി മതേതര വാദികളും കോൺഗ്രസിനെ പിന്തുണച്ചപ്പോൾ വർഗീയ പ്രസ്ഥാനവുമാകുന്നത് എങ്ങനെയെന്ന് അറിയില്ലെന്ന് വി ഡി സതീശൻ പറഞ്ഞു. എൽഡിഎഫിൻ്റേത് ഇരട്ടത്താപ്പാണെന്നും അദ്ദഹം ആരോപിച്ചു.




