‘കേരള തീരത്തെ തുടര്‍ച്ചയായ കപ്പല്‍ അപകടങ്ങളില്‍ ദുരൂഹതയുണ്ട്, സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ല’, കോൺഗ്രസ് പ്രതിഷേധം ജൂണ്‍ 11ന്

തിരുവനന്തപുരം: കേരള തീരത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന കപ്പല്‍ അപകടങ്ങളില്‍ ദുരൂഹതയുണ്ടെന്നും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന കപ്പല്‍ അപകടങ്ങളെ സര്‍ക്കാര്‍ ഗൗരവമായി കാണത്തതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അഭിപ്രായപ്പെട്ടു. കപ്പല്‍ അപകടവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ തുടരുന്ന അനാസ്ഥക്കെതിരെ ജൂണ്‍ 11 ബുധനാഴ്ച സംസ്ഥാനത്തെ തീരദേശ ജില്ലകളില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്നും സണ്ണി ജോസഫ് അറിയിച്ചു.
കൊച്ചി തീരത്തോട് ചേര്‍ന്ന കപ്പല്‍ മുങ്ങിയ സംഭവത്തില്‍ എംഎസ്സി എല്‍സ-3 എന്ന കുത്തക കപ്പല്‍ കമ്പനിക്കെതിരെ ക്രിമിനല്‍ കേസ് എടുക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനം തീരദേശ ജനതയോടും മത്സ്യത്തൊഴിലാളികളോടുമുള്ള വഞ്ചനയാണ്. ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാകാന്‍ ഇടയുള്ള വിധം കപ്പലിലെ രാസമൂലകങ്ങള്‍ അടക്കമുള്ള ചരക്കുകള്‍ കടലില്‍ കലരുകയും തീരത്തോട് ചേര്‍ന്ന് കടലില്‍ മുങ്ങിപ്പോവുകയും ചെയ്തു. ഈ വിഷയത്തില്‍ തുടക്കം മുതലേ കുറ്റകരമായ അനാസ്ഥയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ളതെന്നും സര്‍ക്കാരിന്റെ ഈ നടപടിക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി കോണ്‍ഗ്രസ് സമരമുഖത്തേക്ക് ഇറങ്ങുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
സമാനമായ സംഭവങ്ങളില്‍ കപ്പല്‍ കമ്പനിക്കെതിരെ കേസെടുക്കുന്ന സ്വാഭാവിക നടപടി അവഗണിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഷിപ്പിംഗ് വകുപ്പിന്റെ ഡയറക്ടര്‍ ജനറല്‍ ശ്യാം ജഗന്നാഥനും ചീഫ് സെക്രട്ടറി എ ജയതിലകിന്റെ കൂടി സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ കമ്പനിക്കെതിരെ കേസെടുക്കേണ്ടെന്ന് തീരുമാനിച്ചത് ഗുരുതരമായ വീഴചയും കൊടും ചതിയുമാണ്. അദാനിയുമായി അടുത്ത ബന്ധമുള്ള കപ്പല്‍ കമ്പനിക്ക് വേണ്ടി കേസ് അട്ടിമറിക്കാനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഒത്തുകളിയാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.




