ഗാസയിലേക്കുളള സഹായ ബോട്ട് തടഞ്ഞ് ഇസ്രയേൽ സൈന്യം; തടഞ്ഞത് രാജ്യാന്തര ആക്ടിവിസ്റ്റുകൾ ഉൾപ്പെടുന്ന സംഘത്തെ

ഗാസ: ഗാസയിലെ നാവിക ഉപരോധം ലംഘിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റുകൾ സഞ്ചരിച്ചിരുന്ന സഹായ ബോട്ട് തടഞ്ഞ് ഇസ്രയേൽ സൈന്യം. സ്വീഡിഷ് കാലാവസ്ഥാ പ്രചാരണപ്രവർത്തക ഗ്രെറ്റ തുൻബെർഗ്, യൂറോപ്യൻ പാർലമെൻ്റ് (എംഇപി) ഫ്രഞ്ച് അംഗം റിമ ഹസ്സൻ എന്നിവരുൾപ്പെടെയുള്ള സഞ്ചരിച്ചിരുന്ന സഹായ ബോട്ടാണ് ഇന്ന് പുലർച്ചെ സൈന്യം തടഞ്ഞത്.
ഫ്രീഡം ഫ്ലോട്ടില്ല കോയലിഷൻ (എഫ്എഫ്‌സി) സംഘടിപ്പിച്ച ഒരു ദൗത്യത്തിൻ്റെ ഭാഗമായിരുന്നു തടഞ്ഞ സഹായ ബോട്ട്. ‘മാഡ്‌ലീൻ’ എന്ന് പേരിട്ടിരിക്കുന്ന ബ്രിട്ടീഷ് പതാകയുള്ള കപ്പലിൽ പലസ്തീൻ അനുകൂല വിഭാഗമായിരുന്നുവെന്നാണ് ഇസ്രയേൽ ആരോപിക്കുന്നത്. ജൂൺ ആറിനാണ് കപ്പൽ സിസിലിയിൽ നിന്ന് പുറപ്പെട്ടത്. ഇന്ന് (ജൂൺ 9) ന് വൈകുന്നേരം ഇസ്രയേൽ സൈനികർ തടയാതെ ഗാസ മുനമ്പിലെത്തുക എന്നതായിരുന്നു ദൗത്യത്തിന്റെ ലക്ഷ്യമെന്ന് സംഘം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. എന്നാൽ ഫ്രീഡം ഫ്ലോട്ടില്ല ബോട്ടിലെ എല്ലാ ജീവനക്കാരെയും ഇന്ന് രണ്ട് മണിയോടെ സൈന്യം അറസ്റ്റ് ചെയ്തതായി മൈക്രോ-ബ്ലോഗിംഗിന്റെ എക്സ് പോസ്റ്റിൽ പറയുന്നു.




