Uncategorized

നോവായി അനന്തു; പോസ്റ്റ്‌മോര്‍ട്ടം നടപടികൾ പൂർത്തിയായി, ശരീരത്തിൽ പൊള്ളലേറ്റ മുറിവുകൾ

മലപ്പുറം: നിലമ്പൂ‍ർ വഴിക്കടവിൽ ഷോക്കേറ്റ് മരിച്ച പത്താംക്ലാസ് വിദ്യാർത്ഥി അനന്തുവിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. വൈദ്യുത ആഘാതമാണ് മരണ കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിൽ പൊള്ളലേറ്റ മുറിവുകളുണ്ട്. വയറിന്റെ ഭാഗത്തായി മൂന്ന് മുറിവുകളാണ് ഉള്ളത്. മണിമൂളി സ്കൂളിൽ അനന്തുവിന്റെ മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും. ശേഷം വീട്ടിലേക്ക് കൊണ്ടുപോകും.

സംഭവത്തിൽ മുഖ്യപ്രതി വഴിക്കടവ് പുത്തരിപ്പാടം സ്വദേശി വിനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ കുറ്റം സമ്മതിച്ചു. പന്നിയെ പിടികൂടി മാംസ വ്യാപാരം നടത്താനാണ് കെണിവെച്ചതെന്നും പ്രതി സമ്മതിച്ചിട്ടുണ്ട്. വിനീഷ് നേരത്തെയും പന്നികളെ പിടികൂടാൻ ഇത്തരത്തിൽ കെണി ഒരുക്കിയിട്ടുണ്ട്. പ്രദേശത്തെ നായാട്ട് സംഘത്തിലെ പ്രധാനിയാണ് വിനീഷ്. ഇത്തരത്തിൽ കെണി സ്ഥാപിച്ച് പന്നിയെ പിടിച്ച് മാംസ വ്യാപാരം നടത്തുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേയ്ക്ക് എത്തിച്ചത്. ഇവർക്ക് സ്ഥലം ഉടമയുമായി ബന്ധമൊന്നും ഇല്ലെന്നാണ് വിവരം.

ഇത്തരത്തിൽ വൈദ്യുതി മോഷ്ടിച്ച് പന്നിക്കെണി സ്ഥാപിച്ച് മാംസം കച്ചവടം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാർ നേരത്തെ പരാതി നൽകിയിരുന്നെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപം ഉണ്ട്. വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ നരഹത്യാക്കുറ്റം ചുമത്തി പൊലീസ് നേരത്തെ കേസ് എടുത്തിരുന്നു. അപകടം ഫെൻസിങിന് കറണ്ട് എടുക്കാൻ വേണ്ടി സ്ഥാപിച്ച കമ്പിയിൽ നിന്നെന്ന് എഫ്ഐആറിൽ വ്യക്തമാക്കിയിട്ടുണ്ട്. മറ്റുള്ളവർക്ക് അപകടം ഉണ്ടാകുമെന്ന് അറിഞ്ഞു കൊണ്ടുള്ള പ്രവർത്തിയാണെന്നും എഫ്ഐആറിൽ പറയുന്നു. അനന്തു അപകടത്തിൽപ്പെട്ടത് കാൽ വൈദ്യുതി കമ്പിയിൽ കാൽ തട്ടിയതോടെയെന്നും എഫ്ഐആറിലുണ്ട്. ഭാരതീയ ന്യായസംഹിത 105 വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. അനന്തുവിന്റെ ബന്ധു സുരേഷിന്റെ പരാതിയിലാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അനന്തുവിനെ പിടിക്കാൻ ശ്രമിച്ചപ്പോൾ സുരേഷിനും ഷോക്കേറ്റിരുന്നു. മരിച്ച അനന്തുവിന്റെ അച്ഛന്റെ ജ്യേഷ്ഠൻ്റെ മകനാണ് സുരേഷ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button