ഭാരത് മാതാ സങ്കൽപം ആർഎസ്എസിൻ്റേത്, അത് കമ്മ്യൂണിസ്റ്റ് പാർട്ടികൾ അംഗീകരിക്കുന്നില്ല: സിപിഐയെ തള്ളി സിപിഐഎം

മലപ്പുറം: ഭാരതാംബ വിഷയത്തിൽ സിപിഐ നിലപാട് തള്ളി സിപിഐഎം. ഭാരത് മാതാ സങ്കൽപം ആർഎസ്എസിൻ്റേതാണ്. അത് കമ്മ്യൂണിസ്റ്റ് പാർട്ടികൾ അംഗീകരിക്കുന്ന സങ്കൽപമല്ല. അത് ഭരണഘടനാ സങ്കൽപവുമല്ല. അതിനാൽ ഭാരത് മാതാ സങ്കൽപം അംഗീകരിക്കാനാവില്ലെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിരിക്കുന്നത്. ഭാരത് മാതാ സങ്കൽപം മറ്റുള്ളവർ അംഗീകരിക്കണമെന്ന് വാശിപിടിക്കുന്നത് ഫാസിസമാണെന്നും എം വി ഗോവിന്ദൻ റിപ്പോർട്ടറിനോട് വ്യക്തമാക്കി. റിപ്പോർട്ടർ പ്രസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ. കഴിഞ്ഞ ദിവസം സിപിഐ പരിപാടിയിൽ ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം ഉയരുകയും വിശാലമായ അർത്ഥത്തിൽ ഭാരത് മാതാ സങ്കൽപത്തെ സിപിഐ അംഗീകരിക്കുന്നുവെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സൂചിപ്പിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി ഭാരത് മാതാ വിഷയത്തിൽ നിലപാട് വ്യക്തമാക്കുന്നത്.




