Uncategorized

ദേശീയപാത നിർമ്മാണം: ‘മന്ത്രിക്ക് ആദ്യം തള്ളൽ, പിന്നെ വിള്ളൽ, പ്രതിഷേധം വന്നപ്പോൾ തുള്ളൽ’: സണ്ണി ജോസഫ്

കണ്ണൂർ: ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. മന്ത്രിക്ക് ആദ്യം തള്ളൽ, പിന്നെ വിള്ളൽ, പ്രതിഷേധം വന്നപ്പോൾ തുള്ളൽ എന്നായിരുന്നു സണ്ണിജോസഫിന്റെ പരിഹാസം. വാദിയെ പ്രതിയാക്കുകയാണ് മന്ത്രി ചെയ്യുന്നതെന്നും എൻഎച്ച് കരാർ മറിച്ച് നൽകിയതിൽ അഴിമതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ മന്ത്രി പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നാണ് സണ്ണി ജോസഫിൻ്റെ ആരോപണം. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് 1000 കോടിയോളം രൂപയുടെ അഴിമതി ഉണ്ടെന്നും കെപിസിസി പ്രസിഡന്റ് കുറ്റപ്പെടുത്തി.

ദേശീയപാതയുടെ അശാസ്ത്രീയമായ നിർമ്മാണത്തിൽ മന്ത്രിക്കും പങ്കുണ്ട്. അതുകൊണ്ടാണ് പ്രതിപക്ഷം ഉയർത്തുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകാതെ പ്രതിപക്ഷത്തെ തന്നെ പ്രതികൂട്ടിലാക്കാൻ ശ്രമിക്കുന്നത്. ഇത് ഒരിക്കലും വിലപ്പോവില്ലെന്നും സണ്ണിജോസഫ് പറഞ്ഞു. അതേസമയം മുഖ്യമന്ത്രി ഡൽഹിയിൽ ഹിന്ദുപത്രത്തിന് നൽകിയ അഭിമുഖത്തിൽ മലപ്പുറത്തെ ആക്ഷേപിക്കുന്ന തരത്തിലുള്ള കാര്യങ്ങളായിരുന്നു പറഞ്ഞിരുന്നത് എന്നും ഇത് സംബന്ധിച്ച് അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടി പ്രസംഗിക്കാൻ പോലും തങ്ങളെ അനുവദിച്ചില്ലെന്നും സണ്ണിജോസഫ് പറഞ്ഞു.

അതേസമയം ദേശീയ പാതാ പദ്ധതിയുടെ ആവശ്യകത അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്നലെ കേന്ദ്ര പൊതുമരാമത്ത് വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, ഡൽഹിയിലെ സംസ്ഥാന സർക്കാരിൻ്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് എന്നിവരും കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു. ദേശീയപാത നിര്‍മ്മാണത്തിലെ ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഉൾപ്പടെയുള്ള വിഷങ്ങളിലും ഇരുവരും ചർച്ച നടത്തിയിരുന്നു. സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരിക്കാനാണ് തീരുമാനമെന്നും പദ്ധതി ഒരിക്കലും മുടങ്ങില്ലെന്നും നിര്‍മാണം ഡിസംബറിനകം പൂര്‍ത്തീകരിച്ച് 2026 പുതുവര്‍ഷ സമ്മാനമായി പദ്ധതി പൂർത്തിയാക്കുമെന്നും ചർച്ചയ്ക്ക് ശേഷം മുഹമ്മദ് റിയാസ് വ്യക്തമാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button