കോടികൾ മുടക്കി സ്ഥാപിച്ചിട്ട് ആഴ്ചകൾ മാത്രം; അതിരപ്പിള്ളിയിലെ സൗരോര്‍ജ്ജ തൂക്കുവേലി കാട്ടാനകൂട്ടം തകര്‍ത്തു

തൃശൂർ: കാട്ടാന ശല്യം ഒഴിവാക്കാനായി അതിരപ്പിള്ളി മേഖലയില്‍ സ്ഥാപിച്ച സൗരോര്‍ജ്ജ തൂക്കുവേലി കാട്ടാനകൂട്ടം തകര്‍ത്തു. ഇതോടെ കോടികള്‍ മുടക്കി സ്ഥാപിച്ച പദ്ധതി ഉപകാരമില്ലാതെയായി. വെറ്റിലപ്പാറ, പിള്ളപ്പാറ, പായമ്മക്കടവ് എന്നിവിടങ്ങളില്‍ ഈയടുത്ത് സ്ഥാപിച്ച സൗരോര്‍ജ്ജ തൂക്കുവേലിയാണ് സ്ഥാപിച്ച് ആഴ്ചകള്‍ പിന്നിടും മുമ്പേ തകര്‍ന്ന് വീണത്. വെറ്റിലപ്പാറ, പിള്ളപ്പാറ എന്നിവിടങ്ങളില്‍ ഓരോ സ്ഥലത്തും പായമ്മക്കടവില്‍ മൂന്നിടത്തുമാണ് തൂക്കുവേലി കാട്ടാനകൂട്ടം തകര്‍ത്തിരിക്കുന്നത്. തൂക്കുവേലി നിര്‍മ്മാണത്തിലെ അപാകതയാണ് ആനകൂട്ടത്തിന് തൂക്കുവേലികള്‍ തകര്‍ക്കാന്‍ എളുപ്പമായതെന്നാണ് ആരോപണം.
വേലിയോട് ചേര്‍ന്ന് നില്‍ക്കുന്ന മരച്ചില്ലകള്‍ വേലികളില്‍ തട്ടുന്നത് മൂലം വൈദ്യുതിയുടെ പ്രഹരം കുറയും. ഈ ഭാഗങ്ങളിലാണ് വേലികള്‍ കൂടുതലായും തകര്‍ന്നിരിക്കുന്നത്. വേലി നിര്‍മ്മാണം ശാസ്ത്രീയമല്ലെന്ന് വനം വകുപ്പ്, പ്ലാന്റേഷന്‍ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിട്ടും ഗൗനിച്ചില്ലെന്നും ആക്ഷേപമുണ്ട്. നബാര്‍ഡിന്റെ സഹകരണത്തോടെ ചാലക്കുടി വനം ഡിവിഷനില്‍ 2.24 കോടി രൂച ചെലവിട്ടാണ് വൈദ്യുതി വേലി സ്ഥാപിച്ചത്.



