Uncategorized

ഹൈദരാബാദിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം; ഒരുമരണം, 70 പേർ ചികിത്സയിൽ

ഹൈദരാബാദ്: ഹൈദരാബാദിലെ എറഗദ്ദയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്തിൽ (ഐഎംഎച്ച്) ഭക്ഷ്യവിഷബാധയെന്ന് സംശയം. ഒരു രോഗി മരിച്ചു. 70 പേർ ചികിത്സയിലാണെന്ന് അധികൃതർ അറിയിച്ചു. ഒസ്മാനിയ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ട് രോഗികളുടെ നില ഗുരുതരമാണെന്നാണ് വിവരം. 68 പേരുടെ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

ഹൈദരാബാദ് ജില്ലാ കളക്ടർ അനുദീപ് ദുരിഷെട്ടിയും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ (ഡിഎംഇ) എ നരേന്ദ്ര കുമാറും ചൊവ്വാഴ്ച വൈകുന്നേരം ഐഎംഎച്ച് സന്ദർശിച്ചു. ഇതേക്കുറിച്ച് അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് മന്ത്രി ദാമോദർ രാജ നരസിംഹ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

നാല് പതിറ്റാണ്ട് പഴക്കമുള്ള ഈ ആശുപത്രിയിലെ മാനസിക വെല്ലുവിളി നേരിടുന്ന രോഗികൾക്ക് തിങ്കളാഴ്ച രാവിലെ മുതൽ ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. കിരൺ (30) എന്ന രോഗിയാണ് തിങ്കളാഴ്ച മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം നാല് മണിക്ക് ശേഷം പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രോഗികളുടെ ആരോഗ്യനില സംബന്ധിച്ച നിരീക്ഷണത്തിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു മെഡിക്കൽ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. നില വഷളാവുകയാണെങ്കിൽ രോഗികളെ മാറ്റാൻ രണ്ട് ആംബുലൻസുകളും സജ്ജമാക്കിയിട്ടുണ്ട്.

ഭക്ഷ്യവിഷബാധ മൂലമാണോ രോഗമുണ്ടായത് എന്നത് സംബന്ധിച്ച് ഉറപ്പുവരുത്തുന്നതിനായി രോഗികളുടെ മലം, ഛർദ്ദി സാമ്പിളുകൾ ശേഖരിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് മെഡിസിനിലേക്ക് (ഐപിഎം) അയച്ചിട്ടുണ്ട്.

മലിനജലത്തിൽ നിന്നാണ് രോഗം വന്നതെന്ന് സംശയിക്കുന്നതിനാൽ ഉദ്യോഗസ്ഥർ ജല സാമ്പിളുകൾ പരിശോധനയ്‌ക്കെടുത്തിട്ടുണ്ട്‌.

ആരോഗ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മുതിർന്ന ഉദ്യോഗസ്ഥർ ആശുപത്രി സന്ദർശിച്ച് അന്വേഷണം ആരംഭിച്ചു. ഐഎംഎച്ചിലെ രോഗികൾ താമസ സൗകര്യം, സുരക്ഷ, വൃത്തിഹീനമായ ചുറ്റുപാടുകൾ, ഗുണനിലവാരമില്ലാത്ത ഭക്ഷണം എന്നീ വിവിധ പ്രശ്‌നങ്ങൾ നേരിടുന്നതായുള്ള ആരോപണങ്ങളും ഉയർന്നിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button