കൊച്ചിയിൽ മസ്തിഷ്ക സംബന്ധമായ രോഗമുള്ളയാൾക്ക് നേരെ ക്രൂരമായ പൊലീസ് മർദ്ദനമെന്ന് പരാതി

കൊച്ചി: മസ്തിഷ്ക സംബന്ധമായ രോഗമുള്ളയാൾക്ക് നേരെ പൊലീസിന്റെ ക്രൂരമർദനമെന്നു പരാതി. എറണാകുളം വൈപ്പിൻ സ്വദേശി ഷെർളിങ്കർ റോക്ക്ഫെല്ലർ എന്ന യുവാവിനാണ് സംശയത്തിന്റെ പേരിൽ പൊലീസിന്റെ ക്രൂരമർദനമേൽക്കേണ്ടിവന്നത്. ബിയർ കുപ്പി കൊണ്ട് ദേഹമാകെ മർദിക്കുകയും സ്ട്രോക്ക് വന്ന വ്യക്തിയാണെന്ന് പോലും നോക്കാതെ സ്റ്റേഷനിൽ വെച്ച് തന്നെ മർദിച്ചെന്നും ഷെർളിങ്കർ പരാതിയിൽ പറയുന്നു. എറണാകുളം ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നൽകിയിരിക്കുന്നത്.
സുഹൃത്ത് ഉൾപ്പെട്ട കേസിൽ സംശയത്തിന്റെ പേരിലായിരുന്നു ഷെർളിങ്കറിന് മർദനമേൽക്കേണ്ടിവന്നത്. മഫ്തിയിൽ വന്ന പൊലീസുകാർ തന്നെ ആദ്യം സുഹൃത്തിന്റെ വീടിന് മുൻപിൽ വെച്ച് മർദിച്ചു. തുടർന്ന് ബലമായി ജീപ്പിലേക്ക് വലിച്ചുകയറ്റിയും മർദിച്ചു. സ്റ്റേഷനിൽ എത്തിയ ശേഷവും മുഖത്ത് ഇടിച്ചുവെന്നും ഭിത്തിയിൽ തല ഇടിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.
പരാതിയുടെ പൂർണരൂപം
മാഡം,
സ്ട്രോക്ക് വന്നതിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ 2024 ഡിസംബർ നാലു മുതൽ ചികിത്സയിലുള്ള വ്യക്തിയാണ്. മസ്തിഷ്ക സംബന്ധമായ രോഗമാണ് എനിക്കെന്ന് സ്ഥിരീകരിച്ചിട്ടുള്ളതും വിദഗ്ധ ചികിത്സയ്ക്ക് തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ കോളേജിലെ ന്യൂറോളജി വിഭാഗത്തിലേക്ക് റഫർ ചെയ്തിട്ടുള്ളതുമാണ്. ജോലിക്ക് പോലും പോകാനാവാതെ ഞാൻ വീട്ടിൽ മരുന്നുകൾ കഴിച്ച് വിശ്രമിക്കുകയാണ്. തുടർ ചികിത്സയ്ക്കുള്ള പണം ഇല്ലാത്തതിനാൽ ശ്രീചിത്രയിലെ ചികിത്സ വൈകുന്ന അവസ്ഥയിലുമാണ് ഞാൻ. ഈയടുത്താണ് വീട്ടിൽ നിന്ന് പുറത്തേക്കൊക്കെ പതിയെ ഇറങ്ങിത്തുടങ്ങിയത്. അങ്ങനെയുള്ള ഗുരുതര രോഗബാധിതനായ എനിക്കു നേരെ ഉണ്ടായ പൊലീസ് മർദ്ദനത്തെ കുറിച്ചുള്ള ആവലാതി ബോധിപ്പിക്കാനാണ് ഈ പരാതി നൽകുന്നത്.
29-5-2025 വ്യാഴാഴ്ച അസുഖ ബാധിതനായിരിക്കുന്നതിനാൽ എന്നെ വളരെ നാളുകൾക്ക് ശേഷം വീട്ടിൽ സന്ദർശിക്കാനായി മുളവ്കാട് സ്വദേശിയായ സുഹൃത്ത് ഡെറോ (ആന്റണി ഡെറിക് റൊസാരിയോ) എത്തി. ഏറെനാളായി പുറത്തൊന്നും പോകാത്തതിനാൽ ഡെറോ എന്നെ കൂട്ടി രാത്രി ഏകദേശം 10 മണിയോട് കൂടി മാലിപ്പുറത്ത് ഒരു കടയിൽ പോയി. അവിടെ വിനിൽ എന്ന സുഹൃത്തിനെ കണ്ടുമുട്ടി. പോകുന്ന വഴിക്കാണ് വിനിലിന്റെ വീട് എന്നതിനാൽ ഞങ്ങൾ വിനിലിനെയും വണ്ടിയിൽ കയറ്റി. എന്റെ വീട്ടിലേക്ക് (പുക്കാട്) പോകുന്ന വഴിക്ക് കർത്തേടത്തുള്ള അവന്റെ വീടിനു സമീപത്തിറക്കുവാൻ ആണ് ഉദ്ദേശിച്ചത്.
ഞങ്ങൾ വിനിലിന്റെ വീടിന്റെ മുൻപിൽ എത്താറായ സമയത്ത് ഒരു കാറിന് സമീപം നിന്ന സാധാരണ വസ്ത്രം ധരിച്ച നാലുപേർ (മഫ്ടിയിൽ വന്ന പോലീസുകാർ) വീടിന് മുന്നിൽ വെച്ച് വണ്ടി തടയുകയും, വണ്ടിയിൽ നിന്നിറങ്ങിയ വിനിലിനോട് നിന്റെ അളിയനെ എവിടെയാണെടാ നീ ഒളിപ്പിച്ചത്?- എന്ന് ചോദിച്ച് മർദിക്കുവാനും തെറി പറയുവാനും തുടങ്ങി. ഈ സമയം വീട്ടിൽ അവന്റെ അമ്മയും സഹോദരിയും അവിടെ ഉണ്ടായിരുന്നു. ശബ്ദം കേട്ട് ഇറങ്ങിവന്ന അവരുടെ കരച്ചിലും അപേക്ഷയും വകവെക്കാതെ അവരുടെ മുന്നിൽ വച്ചായിരുന്നു ക്രൂരമായ മർദ്ദനം. സംഭവമെന്തെന്ന് അറിയാതെ ഞങ്ങൾ പകച്ചു. പൊലീസുകാരാണ് എന്ന് ആദ്യം തന്നെ അവർ പറഞ്ഞതിനാൽ വിനിലിനെ മർദിക്കുന്നത് തടയാൻ പോലുമാകാതെ ഞങ്ങൾക്ക് സാക്ഷികളായി നിൽക്കേണ്ടി വന്നു.
അതിനു ശേഷം നീയൊക്കെ ആരാടാ കൂട്ടുപ്രതികളാണോ എന്ന് ചോദിച്ച് എന്നെയും ഡെറോയേയും മർദ്ദിക്കുവാൻ തുടങ്ങി. ഞങ്ങൾ യാദൃശ്ചികമായി അവിടെ എത്തിയതാണ് ഞങ്ങൾക്ക് നിങ്ങൾ അന്വേഷിക്കുന്ന കേസുമായി യാതൊരു ബന്ധവും ഇല്ല എന്ന് പലവട്ടം അപേക്ഷയോടെ പറഞ്ഞെങ്കിലും കാറിലേക്ക് ഞങ്ങൾ മൂന്നു പേരെയും ബലം പ്രയോഗിച്ച് കയറ്റി. ചുവന്ന നിറമുള്ള ഒരു കാറായിരുന്നു അത്. എസ്ഐയും ഒരു പൊലീസുകാരനും കാറിന്റെ മുന്നിലും പിൻസീറ്റിൽ രണ്ടു വശത്തും രണ്ടു പൊലീസുകാരുമായി കുത്തിനിറച്ചാണ് ഞങ്ങളെ കയറ്റിയത്.
കാറ് പുറപ്പെടുന്ന സമയം മുതൽ മർദിക്കാൻ ആരംഭിക്കുകയും ചെയ്തു.പൊലീസുകാർ ബിയർകുപ്പി കൊണ്ട് എന്റെ കൈത്തണ്ടയിലും തോളെല്ലിലും പുറത്തും മർദിക്കുകയുണ്ടായി. എനിക്ക് തലകറങ്ങുന്നത് പോലെ തോന്നിയപ്പോൾ ഞാൻ എന്റെ അസുഖത്തിൻ്റെ കാര്യം വേദനയോടെ ഉറക്കെ പറയുകയും മൊബൈലിലുള്ള എന്റെ അസുഖത്തിൻ്റെ രേഖകൾ കാണിക്കുകയും ചെയ്തെങ്കിലും അവർ ചെവി കൊണ്ടില്ല എന്ന് മാത്രമല്ല അസുഖത്തെപ്പറ്റി കേട്ടതും കൂട്ടത്തിലുള്ള ശ്രീകാന്ത് എന്ന പോലീസുകാരൻ എന്റെ തലയിലിട്ട് തന്നെ കൈ ചുരുട്ടി ഇടിക്കുവാൻ ആരംഭിച്ചു. ഞങ്ങൾക്കിതിൽ പങ്കില്ല എന്നും നിങ്ങൾ കൃത്യമായി അന്വേഷിക്കൂ എന്നൊക്കെ വേദനയോടെ പറഞ്ഞിട്ടും മർദനം തുടർന്നു.
പിന്നീട് സ്റ്റേഷനിൽ എത്തിയതിന് ശേഷം പൊലീസുകാരൻ മുഖത്ത് ഇടിക്കാൻ ആരംഭിച്ചു. ഞാൻ സ്ട്രോക്ക് വന്ന വ്യക്തിയാണെന്നും മരുന്നുകൾ തുടർച്ചയായി കഴിച്ചു കൊണ്ടിരിക്കുകയാണെന്നും വീണ്ടും പറഞ്ഞപ്പോൾ തലയിൽ ഇടിക്കുകയും ഭിത്തിയിൽ തല ഇടിപ്പിക്കുകയും ചെയ്തു. ശ്രീകാന്ത് എന്ന പോലീസ് ഉദ്യോഗസ്ഥൻ ആണ് എന്നെ ശാരീരികവും മാനസികവുമായി ഏറ്റവും കൂടുതൽ ഉപദ്രവിച്ചത്. ഇതിന് ശേഷം വെളുപ്പിന് മെഡിക്കൽ എടുക്കാൻ ഞാറക്കൽ താലൂക്ക് ഹോസ്പിറ്റലിൽ കൊണ്ടു പോകുന്നവഴി ഹോസ്പിറ്റലിൽ ചെന്നാൽ വണ്ടിയിൽ നിന്ന് വീണതാണെന്ന് പറയണമെന്നും അല്ലെങ്കിൽ നിങ്ങൾ കരുതൽ തടങ്കലിൽ ആണ് തിരിച്ച് സ്റ്റേഷനിലേക്ക് തന്നെയാണ് കൊണ്ടു പോകുന്നതെന്നും പിന്നെ പുറംലോകം കാണില്ല എന്നുംപറഞ്ഞ് ഭീഷണിപ്പെടുത്തുകയുണ്ടായി.
ഭീഷണിയെത്തുടർന്ന് മെഡിക്കൽ എടുക്കാൻ ചെന്നപ്പോൾ ഞങ്ങൾ വണ്ടിയിൽ നിന്ന് വീണതാണെന്ന് തന്നെയാണ് പറഞ്ഞത്. സ്റ്റേഷനിൽ തിരിച്ച് ചെന്നപ്പോഴേക്കും തീരെ അവശനിലയിലായ എന്റെ ആരോഗ്യാവസ്ഥ മൂലം ഞാൻ തല കറങ്ങി വീണു. പാറാവിൽ ഉണ്ടായിരുന്ന മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ ആണ് എനിക്ക് വെള്ളം തന്നതും എന്നെ അവിടെ കിടത്തിയതും.
തലേ ദിവസം രാത്രി ഏകദേശം പത്തേ മുപ്പതിന് കസ്റ്റഡിയിലെടുത്ത ഞങ്ങളെ പിറ്റെദിവസം രാവിലെ 10.30 ആയപ്പോൾ എന്റെ സ്വന്തം ജ്യേഷ്ഠന്റെയും മറ്റൊരു ബന്ധുവായ അനിയന്റെയും ഒപ്പം വിട്ടയച്ചു.
അതുവരെ നടന്ന സംഭവങ്ങൾ ഭയം മൂലം ഞങ്ങൾ ബന്ധുക്കൾ വന്നെങ്കിലും ആരോടും സംസാരിച്ചില്ല. സ്റ്റേഷനിൽ നിന്ന് പോകുന്നതിനുമുൻപ് സർക്കിൾ ഇൻസ്പെക്ടറെ കാണാൻ പറഞ്ഞതിനെ തുടർന്ന് അദ്ദേഹത്തിന്റെ ഓഫീസിൽ ചെന്നപ്പോൾ ഇടികൊണ്ട് കരിവാളിക്കുകയും ചതയുകയും നീര് വെക്കുകയും ചെയ്ത എന്റെ മുഖം കണ്ട് അദ്ദേഹം മുഖത്ത് എന്താണ് പറ്റിയത് എന്ന് ചോദിച്ചപ്പോൾ അന്നേരം ആണ് ഞാൻ മറുപടിയായി പൊലീസുകാർ തലേന്ന് മർദ്ദിച്ചതാണ് എന്ന് പറഞ്ഞത്. അപ്പോഴാണ് അവിടെ ഉണ്ടായിരുന്ന എന്റെ ജ്യേഷ്ഠനടക്കമുള്ളവർ കാര്യങ്ങൾ അറിയുന്നത്.
അന്നേ ദിവസം സന്ധ്യ സമയത്ത് വിനിലിന്റെ വീട്ടിൽ ഒരു കുടുംബ വഴക്കുണ്ടായി. കാലങ്ങളായി അളിയൻമാർ (രണ്ടു പെങ്ങൾമാരുടെ ഭർത്താക്കൾ) തമ്മിലുള്ള വഴക്കാണിത്. ഇതിൽ ഒരളിയന്റെ പരാതി അന്വേഷിക്കാൻ വന്ന പൊലീസുകാരാണ് ഞങ്ങളെ ആക്രമിച്ചതെന്ന് പിന്നീട് മനസിലായിട്ടുള്ളതാണ്.
പൊലീസ് സ്റ്റേഷനിൽ നിന്ന് തിരികെ വീട്ടിലേക്ക് പോയ സമയത്ത് തലയാകെ വേദനയാൽ വെട്ടിപ്പൊളിയുന്ന പോലുള്ള അവസ്ഥയുണ്ടാവുകയും എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിക്കുകയുമുണ്ടായി. അവിടെ നിന്ന് CT Scan എടുക്കുകയും ഡോക്ടർ പരിശോധിക്കുകയും ചെയ്ത ശേഷം ഡിസ്ചാർജ്ജ് ചെയ്ത് വീട്ടിലേക്ക് പോന്നെങ്കിലും രാത്രി വേദന കൂടിയതിനെ തുടർന്ന് ക്രിസ്തു ജയന്തി ആശുപത്രിയിലും അവിടെ നിന്ന് റെഫർ ചെയ്തതിനെ തുടർന്ന് ഞാൻ മസ്തിഷ്ക സംബന്ധമായ രോഗത്തിന് ചികിത്സയിൽ കിടന്ന കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് വെളുപ്പിന് പോവുകയും ചെയ്തു.




