Uncategorized

നന്തൻകോട് കൂട്ടക്കൊല; കോടതി വിധിച്ച പിഴ കയ്യിലെത്തും മുമ്പേ കേദലിന്റെ അമ്മാവനും മരിച്ചു

തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊല കേസിൽ കുറ്റവാളി കേദൽ ജിൻസൺ രാജയുടെ കുടുംബത്തിൽ അവശേഷിച്ചിരുന്ന ഏകയാളും മരിച്ചു. അമ്മാവൻ ജോസ് സുന്ദരമാണ് അന്തരിച്ചത്. തൻ്റേതായി ഉണ്ടായിരുന്ന വീടും സ്വത്തുക്കളും കേദലിന്റെ കുടുംബത്തിന് ഇയാൾ എഴുതിക്കൊടുത്തിരുന്നു. ഇതോടെ അവസാന സമയത്ത് ആശ്രയിക്കാനാരും ഇല്ലാതെയായിരുന്നു ജോസിന്റെ അന്ത്യം.

നേരത്തെ കേസിൽ കേദലിനെ ശിക്ഷിച്ച കോടതി 15 ലക്ഷം പിഴയും വിധിച്ചിരുന്നു. ഈ തുക അമ്മാവന് നഷ്ടപരിഹാരമായി നൽകണമെന്നും കോടതി വിധിച്ചിരുന്നു . എഞ്ചിനീയറിങ് ബിരുദധാരിയായിരുന്ന ജോസിന് പൊതുമരാമത്ത് വകുപ്പിൽ ജോലി ലഭിച്ചിരുന്നു. എന്നാൽ അത് വേണ്ടെന്ന് വെച്ചാണ് വീട്ടുകാര്യങ്ങൾ നോക്കി ജീവിക്കുകയായിരുന്നു. വിവാഹം കഴിച്ചിരുന്നില്ല. പിന്നീട് വീടും പുരയിടവും സഹോദരിയായ കേദലിൻറെ അമ്മയ്ക്ക് ഇഷ്ടദാനമായി എഴുതിക്കൊടുക്കുകയായിരുന്നു. ഇതുകഴിഞ്ഞ് നാലാം മാസമായിരുന്നു കൂട്ടക്കൊല.

പലതവണ അപേക്ഷിച്ചിട്ടും സ്വത്തുക്കൾ തിരികെ നൽകാൻ കേദൽ തയാറായിരുന്നില്ല. ഒടുവിൽ സുഹൃത്തുക്കളുടെ സഹായത്തിലായിരുന്നു ജീവിതം മുന്നോട്ട് നീക്കിയത്. ജോസ് കൂടി പോയതോടെ കേദലിൻറെ കുടുംബത്തിൻറെ കോടികളുടെ സ്വത്ത് പൂർണമായും അനാഥമാവുകയാണ്.

പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും കൃത്യം നടന്നതിന് മുമ്പും ശേഷവും പ്രതിക്ക് മാനസിക രോഗമില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. എന്നാൽ പ്രതി മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും പ്രതിയുടെ പ്രായം കൂടി പരിഗണിക്കണമെന്നുമാണ് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചത്.

എന്നാൽ ആസൂത്രിത കൊലപാതകമാണ് പ്രതി നടത്തിയതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പെട്രോൾ പമ്പിൽ നിന്നും പെട്രോൾ വാങ്ങി വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളുണ്ട്. കൊലപാതകത്തിന് ശേഷം ചെന്നൈക്ക് പോയപ്പോൾ പ്രധാന രേഖകളെല്ലാം എടുത്തു. മാനസിക പ്രശ്‌നമുള്ളയാൾക്ക് ഇങ്ങനെ ചെയ്യാനാവില്ല. പ്രതിക്ക് പശ്ചാത്താപം ഇല്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രതി കൃത്യം നടത്തിയത് പൂർണ്ണ ബോധ്യത്തോടെയല്ല. പ്രായം പരിണിക്കണം. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസല്ലെന്നുമായിരുന്നു പ്രതിഭാഗത്തിൻറെ വാദം.

2017 ഏപ്രിൽ ഒമ്പതിന് പുറംലോകമറിഞ്ഞ കേസിൽ എട്ട് വർഷത്തിന് ശേഷമായിരുന്നു കോടതി വിധി പറഞ്ഞത്. കേദൽ ജിൻസൻ അച്ഛൻ രാജാ തങ്കത്തെയും, അമ്മ ഡോക്ടർ ജീൻ പത്മയെയും സഹോദരി കരോലിനെയും ബന്ധു ലളിതയെയും അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കഴുത്തിന് പുറകിൽ മഴുകൊണ്ട് വെട്ടുകയും ചെയ്തു. ശേഷം മൃതദേഹങ്ങൾ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു.

പൊലീസ് കസ്റ്റഡിയിൽ ഇരിക്കെ മാനസിക പ്രശ്‌നമുണ്ടെന്ന് പറഞ്ഞ് ഏഴ് വർഷത്തോളം വിചാരണ നീട്ടിക്കൊണ്ടുപോയി. 65 ദിവസം നീണ്ട വിചാരണയിൽ 42 സാക്ഷികളെ വിസ്തരിച്ചു. 120-ലധികം രേഖകളും നാൽപതിലധികം തൊണ്ടിമുതലും അന്വേഷണത്തിൽ നിർണായകമായി. പ്രതിക്ക് മാനസിക പ്രശ്‌നമുണ്ടന്നും ആസ്ടറൽ പ്രൊജക്ഷന് വേണ്ടിയാണ് കൊലപാതകമെന്ന പ്രതിയുടെ ആദ്യ മൊഴിയും ചൂണ്ടിയായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കൊലപാതകത്തിനു മുമ്പും ശേഷവും പ്രതിക്ക് മാനസിക പ്രശ്‌നങ്ങൾ ഇല്ലെന്ന് പൊലീസ്‌ കണ്ടെത്തിയിരുന്നു. കൊലപാതകത്തിന് കാരണം മാതാപിതാക്കളോടുള്ള വൈരാഗ്യമാണ്. ഇത് സാധൂകരിക്കുന്ന തെളിവടക്കം പ്രോസിക്യൂഷൻ കോടതിയിൽ എത്തിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button