Uncategorized

നിലമ്പൂർ പോരാട്ടം എൽഡിഎഫും യുഡിഎഫും തമ്മിൽ, അൻവറിൻ്റെ ഇപ്പോഴത്തെ നിലപാടുകൾ എൽഡിഎഫിന് ഗുണമാകുമെന്നും എളമരം കരീം

മലപ്പുറം: നിലമ്പൂരിൽ തിരഞ്ഞെടുപ്പ് പോരാട്ടം എൽ ഡി എഫും യു ഡിഎ ഫും തമ്മിലെന്ന് മുതിർന്ന സി പി എം നേതാവ് എളമരം കരീം. ബി ജെ പി കടുത്ത സമ്മർദ്ദം വന്നപ്പോഴാണ് പേരിന് സ്ഥാനാർഥിയെ നിർത്തിയത്. അൻവർ തൃണമൂലിന്റെ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് തിരഞ്ഞെടുപ്പിൽ എൽ ഡി എഫിനെ ബാധിക്കില്ല. അൻവറിന്റെ ഇപ്പോഴത്തെ നിലപാടുകൾ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് അനുകൂലമായ സാഹചര്യം ഉണ്ടാക്കുമെന്നും എളമരം കരീം അഭിപ്രായപ്പെട്ടു.

കവളപ്പാറ ദുരന്ത സമയത്ത് എം സ്വരാജ് ഉണ്ടായിരുന്നില്ല എന്ന ഇപ്പോഴത്തെ അൻവറിന്റെ വാദം തെറ്റാണ്. സ്വരാജിന്റെ അന്നത്തെ പ്രവർത്തനത്തെ അൻവർ തന്നെ പ്രകീർത്തിച്ചിട്ടുണ്ട്. വിജയിപ്പിച്ച പ്രസ്ഥാനത്തെയും ജനങ്ങളെയും വിമർശിച്ചുകൊണ്ട് അൻവർ പോയതിൽ കടുത്ത അമർഷം ജനങ്ങൾക്കുണ്ട്. കേരള മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവുമായി ഒരു ബന്ധവുമില്ല. സതീശന്റെ നിലപാടുകളെ മുഖ്യമന്ത്രി വിമർശിക്കാറുണ്ട്. വി ഡി സതീശനും പിണറായി വിജയനും തമ്മിൽ ബന്ധമുണ്ടെന്ന് അൻവർ പറയുന്നത് ആരെങ്കിലും വിശ്വസിക്കുമോയെന്നും കരീം ചോദിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ അൻവറിനെ കണ്ടത് മറ്റു മാർഗമില്ലാതെ വന്നപ്പോൾ അൻവർ കീഴടങ്ങും എന്ന് കരുതിയാണെന്നും എളമരം കരീം അഭിപ്രായപ്പെട്ടു. പക്ഷേ അൻവർ വഴങ്ങില്ലെന്ന് കണ്ടപ്പോൾ ഒത്തുതീർപ്പിന്റെ അവസാന വഴി നോക്കിയതാണ്. രാഹുൽ ഒറ്റയ്ക്ക് ഇങ്ങനെ പോയി പരിഹാസ്യനായതല്ല. കോൺഗ്രസാണ് യഥാർത്ഥത്തിൽ പരിഹാസ്യരായത്. ദൗത്യം വിജയിച്ചിരുന്നെങ്കിൽ രാഹുലിനെ തള്ളിപ്പറയുമായിരുന്നോയെന്നും കരീം ചോദിച്ചു. ദൗത്യം പരാജയപ്പെട്ടപ്പോൾ രാഹുലിനെ ബലിയാടാക്കി പരിഹസിക്കുകയാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button