അവധിക്കാലത്തിവന്റെ അവസാന ദിവസങ്ങൾ, നാളെ സ്കൂൾ തുറക്കും, ഇന്ത്യയിൽ ആദ്യം, 10-ാം ക്ലാസിൽ റോബോട്ടിക്സ് പഠനവിഷയം

തിരുവനന്തപുരം : അവധിക്കാലത്തിന് വിട നൽകി, സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും. 44 ലക്ഷത്തോളം വിദ്യാർത്ഥികൾ നാളെ വിദ്യാലയങ്ങളിലെത്തും. മൂല്യാധിഷ്ഠിത പഠനവും, ഹൈസ്കൂളിൽ പുതിയ ക്ലാസ് സമയവുമടക്കം സമഗ്രമാറ്റത്തോടെയാണ് പുതിയ അധ്യായന വർഷത്തിന് തുടക്കമാകുന്നത്. ഇന്ത്യയിൽ ആദ്യമായി പത്താം ക്ലാസിൽ റോബോട്ടിക്സ് പഠന വിഷയമാകുമെന്നതും ശ്രദ്ധേയമാണ്.
തകർത്ത് പെയ്ത മഴ തട്ടിയെടുത്തതിന്റെ പരിഭവത്തോടെയാണ് കുട്ടികൾ സ്കൂളിലേക്ക് പോകുന്നത്. ആകെ 44,70,000 തോളം വിദ്യാർത്ഥികൾ സ്കൂളിലേക്ക് എത്തും. ഒന്നാം ക്ലാസിലേക്ക് രണ്ടര ലക്ഷത്തിലധികം വിദ്യാർത്ഥികളെ പ്രതീക്ഷിക്കുന്നുണ്ട്. പൊതുവിദ്യാലയങ്ങളിലെത്തുന്ന കുട്ടികളുടെ എണ്ണം കുറയുന്നതായിരുന്നു കഴിഞ്ഞ വർഷങ്ങളിലെ ട്രെൻഡ്. ഇത്തവണ അടിമുടി മാറ്റമുണ്ട്. ഹൈസ്കൂൾ സമയം അരമണിക്കൂർ നീട്ടി. ഇനി 9.45 മുതൽ 4.15 വരെയാണ് ക്ലാസുകൾ. തുടർച്ചയായി ശനിയാഴ്ചകൾ പ്രവർത്തി ദിവസമാകുന്നത് ഒഴിവാക്കാനാണ് നടപടി. ആദ്യ രണ്ട് ആഴ്ചകളിൽ പാഠപുസ്തക പഠനമില്ല. പരിസര ശുചീകരണം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, നല്ല പെരുമാറ്റം, എന്നിങ്ങനെ സാമൂഹികപ്രസക്തിയുള്ള വിഷയങ്ങൾ പഠിപ്പിക്കും.




