സർക്കാർ, എയിഡഡ് സ്കൂളുകളിൽ ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം; മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

തിരുവനന്തപുരം: 2025 – 26 അധ്യയന വർഷം സർക്കാർ, എയിഡഡ് സ്കൂളുകളിൽ ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനങ്ങൾ നടത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. സർക്കാർ സ്കൂളുകളിൽ ഹൈക്കോടതി വിധിന്യായത്തിന്റെ അടിസ്ഥാനത്തിൽ ദിവസവേതന നിയമനങ്ങൾക്ക് ഉദ്യോഗാർത്ഥികളെ താഴെപ്പറയുന്ന തെരഞ്ഞെടുപ്പു സമിതി അംഗങ്ങൾ മാത്രം
ചേർന്നാണ് ഇന്റർവ്യൂ നടത്തി ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കേണ്ടത്.
(i) സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ/പ്രതിനിധി
(ii) ബന്ധപ്പെട്ട സ്കൂളിലെ പ്രഥമാധ്യാപകൻ പ്രധമാധ്യാപിക.
(ii) ഹൈസ്കൂളുകളിലെ നിയമനങ്ങൾക്ക്, പ്രസ്തുത സ്കൂളിലെ അതതു വിഷയങ്ങൾ ഭാഷാ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സീനിയർ ആയ അധ്യാപകൻ/അധ്യാപിക (വിഷയത്തിലെ അധ്യാപകനെ അതാത് സ്കൂളിൽ ലഭ്യമായില്ലെങ്കിൽ സമീപ സ്കൂളിൽ നിന്നുമുള്ള അധ്യാപകനെ ജില്ലാ വിദ്യാഭ്യാസ ആഫീസറുടെ അനുമതിയോടെ ഉൾപ്പെടുത്തണം.)
(iv) പ്രൈമറി സ്കൂളുകളിലെ നിയമനങ്ങൾക്ക്. പ്രസ്തുത സ്കൂളിലെ ഏറ്റവും സീനിയർ ആയ അദ്ധ്യാപകൻ അധ്യാപിക.
2. തസ്തിക നിർണ്ണയം സംബന്ധിച്ച് അതത് കാലങ്ങളിൽ നിലവിലിരിക്കുന്ന തസ്തിക നിർണയ ഉത്തരവ് പ്രകാരം ഏതെങ്കിലും കാറ്റഗറിയിൽ അധ്യാപകർ അധികമെന്നു കണ്ടെത്തിയ സ്കൂളുകളിൽ അവർ തുടരുന്നുവെങ്കിൽ പ്രസ്തുത കാറ്റഗറിയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തരുത്. അധികമായി കണ്ടെത്തിയ അധ്യാപകരെയെല്ലാം നിലവിലുള്ള ഒഴിവുകളിലേക്ക് സ്ഥലം മാറ്റി ക്രമീകരിക്കേണ്ടതാണ്.




