ശക്തമായ മഴ തുടരുന്നു; 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ജാഗ്രത തുടരുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും തീവ്രമഴയ്ക്ക് സാധ്യത എന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഇന്ന് ഒമ്പത് ജില്ലകളില്‍ റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലാണ് റെഡ് അലർട്ട്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. ഇടുക്കി, കൊല്ലം, കോട്ടയം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കാനായി മൂന്ന് ജില്ലകളിലെയും മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്.




