ബഹിരാകാശത്ത് വീണ്ടും ഒരു ഇന്ത്യക്കാരൻ, ബാക്കപ്പ് മലയാളി; യാത്ര തുടങ്ങാൻ ഇനി 9 നാൾ മാത്രം, അഭിമാനത്തോടെ രാജ്യം

ദില്ലി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ഒരു ഇന്ത്യക്കാരന്‍റെ യാത്ര തുടങ്ങാൻ ഇനി ഒൻപത് ദിവസം മാത്രം. ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല ഭാഗമായ ആക്സിയം 4 ദൗത്യത്തിന്റെ വിക്ഷേപണം ജൂൺ 8ന് വൈകീട്ട് 6:41ന് നടക്കും. യാത്രക്ക് മുന്നോടിയായുള്ള ക്വാറന്‍റീനിലാണ് ശുഭാംശു ഉൾപ്പെട്ട നാലംഗ സംഘമിപ്പോൾ. 41 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് മറ്റൊരു ഇന്ത്യൻ ബഹിരാകാശത്തേക്ക് യാത്ര തിരിക്കുന്നത്. ഇതോടെ രാകേഷ് ശർമ്മയുടെ പിൻഗാമിയായി മാറുകയാണ് യുപി സ്വദേശി ശുഭാംശു ശുക്ല. ഐഎസ്ആർഒ, നാസ, ആക്സിയം സ്പേസ്, സ്പേസ് എക്സ് സഹകരണത്തിലാണ് യാത്ര.
റോക്കറ്റും യാത്രാ പേടകവും സ്പേസ് എക്സിന്റേതാണ്. നാസയുടെ സഹായത്തോടെ ആക്സിയം സ്പേസ് ആണ് ദൗത്യ നിർവ്വഹണം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സ്വകാര്യ ബഹിരാകാശ സഞ്ചാരികളെ കൊണ്ടുപോകുന്ന നാസയുടെ പ്രൈവറ്റ് ആസ്ട്രനോട്ട് മിഷൻ പദ്ധതിയാണ് ഐഎസ്ആർഒ പ്രയോജനപ്പെടുത്തിയിരിക്കുന്നത്. 2019ലാണ് നാസ ഈ പദ്ധതി അവതരിപ്പിച്ചത്. കരാർ കിട്ടിയത് ആക്സിയം സ്പേസിനാണ്. ആദ്യ ധാരണ പ്രകാരമുള്ള നാല് ദൗത്യങ്ങളിൽ അവസാനത്തേതാണ് ശുഭാംശുവും സംഘവും യാത്ര പോകുന്ന ആക്സിയം 4. ആദ്യ ദൗത്യം ആക്സിയം വൺ നടന്നത് 2022 ഏപ്രിലിലായിരുന്നു. രണ്ടാം ദൗത്യം ആക്സിയം ടു 2023 മേയിലും, ആക്സിയം 3 2024 ജനുവരിയിലും നടന്നു. ആക്സിയം 4 ന് ശേഷം രണ്ട് ദൗത്യങ്ങൾക്ക് കൂടി അടുത്തിടെ അനുമതിയായിട്ടുണ്ട്.
ദൗത്യത്തിനായി ഇന്ത്യ ചെലവിട്ടത് 600 കോടി രൂപയ്ക്കടുത്തെന്നാണ് വിവരം. യഥാർത്ഥ കണക്ക് സർക്കാർ പുറത്തുവിട്ടിട്ടില്ല.
പക്ഷേ ആദ്യ ആക്സിയം ദൗത്യത്തിൽ ഒരു സീറ്റിന് ഈടാക്കിയത് 55 മില്യൺ ഡോളറായിരുന്നു. ഗഗൻയാൻ യാത്രകൾക്ക് മുന്നോടിയായി മനുഷ്യയാത്രാ ദൗത്യങ്ങളിൽ അനുഭവം നേടുകയാണ് ആക്സിയം 4 ദൗത്യത്തിലൂടെ ഇന്ത്യയുടെ ലക്ഷ്യം. അത് കൊണ്ട് തന്നെ പണത്തേക്കാൾ മൂല്യമുണ്ട് ഈ യാത്രയ്ക്ക്. ശുഭാംശുവടക്കം നാല് പേരാണ് ആക്സിയം 4ൽ ഐഎസ്എസിലേക്ക് പോകുന്നത്. മുതിർന്ന ആസ്ട്രോനോട്ട് പെഗ്ഗി വിറ്റ്സണാണ് മിഷൻ കമാൻഡർ. ശുഭാംശുവാണ് മിഷൻ പൈലറ്റ്.




