പലതവണ പ്രണയാഭ്യർത്ഥന നിരസിച്ചു; തമിഴ്നാട്ടിൽ 15കാരിയെ 20കാരന്‍ വീട്ടില്‍ക്കയറി കുത്തിക്കൊന്നു

ചെന്നൈ: തമിഴ്നാട് റാണിപ്പെട്ടിയിൽ പ്രണയാഭ്യര്‍ഥന നിരസിച്ചെന്നാരോപിച്ച് പതിനഞ്ചുകാരിയെ 20കാരന്‍ വീട്ടില്‍ക്കയറി കുത്തിക്കൊന്നു.സംഭവത്തിൽ 20കാരനായ സുബ്രമണിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ പെൺകുട്ടിയുടെ ബന്ധുവിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആക്രമണ സമയത്ത് ജനനിയും മുത്തശിയും ഇവരുടെ ബന്ധു ലക്ഷ്യയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
സ്കൂൾ അവധിയായതിനാൽ ജനനിക്കൊപ്പം നിൽക്കാൻ വന്നതായിരുന്നു ലക്ഷ്യ. ഇതേസമയം വീട്ടിലെ വാട്ടർടാങ്ക് പരിശോധിക്കുന്നതിനായി മുത്തശ്ശി മുകളിലേക്ക് പോയ സമയത്ത് വീടിനുള്ളിലേക്ക് ഒരാൾ കയറുകയും അകത്ത് നിന്ന് വാതിൽ കുറ്റിയിടുകയും ചെയ്യുകയായിരുന്നു. ജനനിയെ ഇയാൾ പലതവണ കുത്തി.
ഗുരുതരമായി പരിക്കേറ്റ ജനനി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞു. ജനനിയെ കുത്തുന്നത് കണ്ട് തടയാനെത്തിയ ലക്ഷ്യയേയും ഇയാൾ കുത്തിപരിക്കേൽപ്പിച്ചു. തുടർന്ന് ഇവരുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാർ വാതിൽ തള്ളിത്തുറക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. അതേസമയം തന്‍റെ പ്രണയാഭ്യര്‍ഥന തുടര്‍ച്ചയായി നിരസിച്ചതിനാലാണ് ജനനിയെ കൊന്നതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞെന്നാണ് വിവരം.




