മണ്ണിടിച്ചിൽ ഉണ്ടായ കൊട്ടിയൂർ പാൽചൂരം റോഡിൽ ഇരട്ടി തഹസിൽദാരുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി

കൊട്ടിയൂർ: കണ്ണൂർ വയനാട് അന്തർ സംസ്ഥാന പാതയായ പാൽചൂരത്തെ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലം ഇരിട്ടി തഹസിൽദാർ സി വി പ്രകാശൻ, കേരള റോഡ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥൻ ഡിജേഷ്, കേളകം എസ് ഐ വർഗീസ് തോമസ് എന്നിവർ സന്ദർശിച്ചു. ചെകുത്താൻ തോടിന് സമീപത്തെ മണ്ണും കല്ലും ഇടിഞ്ഞത് കേരള റോഡ് ഫണ്ട് ബോർഡ് അധികൃതരുടെ നേതൃത്വത്തിൽ പൂർണ്ണമായും എടുത്തുമാറ്റി. മണ്ണിടിച്ചിൽ ഉണ്ടായ റോഡ് കഴിഞ്ഞ ദിവസം തന്നെ കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകത്തിന്റെ നേതൃത്വത്തിൽ കല്ലും മണ്ണും മാറ്റി ഗതാഗത യോഗ്യമാക്കിയിരുന്നു. അതേസമയം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പ്രദേശത്ത് ഇനിയും പാറകൾ ഇളകി വീഴുവാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ ഈ പ്രദേശത്ത് രാത്രികാല ഗതാഗതം നിയന്ത്രിക്കുവാൻ ആലോചിക്കുന്നതായും, ഇത് സംന്ധിച്ചുള്ള റിപ്പോർട്ട് തഹസിൽദാർ ജില്ലാ കളക്ടർക്ക് സമർപ്പിക്കുമെന്നും അറിയിച്ചു. തുടർന്നായിരിക്കും നടപടികൾ ഉണ്ടാവുക.




