മകളെ നായ കടിച്ചു, ആശുപത്രിയിലേക്ക് ബൈക്കിൽ പോകവേ വലിച്ചിട്ട് പൊലീസ്, നിലത്തുവീണ 3 വയസുകാരി ലോറി കയറി മരിച്ചു

ബെംഗളൂരു: നായ കടിച്ച മൂന്ന് വയസുകാരിയെ ആശുപത്രിയിലെത്തിക്കാനുള്ള വെപ്രാളത്തിന് ഇടയിൽ ഹെൽമറ്റ് മറന്ന് പിതാവ്. ഗതാഗത നിയമലംഘനത്തിന് പിഴയടക്കാനായി പൊലീസ് നിർത്തിച്ച വാഹനം നിയന്ത്രണം വിട്ടു. അമ്മയുടെ മടിയിൽ നിന്ന് താഴെ വീണ മൂന്നുവയസുകാരി പിന്നാലെ വന്ന ലോറിയിടിച്ച് കൊല്ലപ്പെട്ടു. കർണാടകയിലെ മണ്ഡ്യയിൽ ഇന്നലെ വൈകുന്നേരമാണ് ദാരുണ സംഭവമുണ്ടായത്.
റിതീക്ഷയെന്ന മൂന്ന് വയസുകാരിയാണ് മരിച്ചത്. നായ കടിച്ച കുഞ്ഞുമായി ആശുപത്രിയിലേക്ക് പോവുന്നതിനിടെയാണ് റിതീക്ഷയുടെ പിതാവിനെ ട്രാഫിക് പൊലീസ് പിഴ ചുമത്താനായി തടഞ്ഞത്. ലോറി കയറിയതിന് പിന്നാലെ തലയ്ക്കേറ്റ മാരകമായ പരുക്കാണ് മൂന്നുവയസുകാരിയുടെ മരണകാരണം. രണ്ടാമത്തെ ട്രാഫിക് സംഘമായിരുന്നു ഇത്തരത്തിൽ ബൈക്ക് തടഞ്ഞത്. ആദ്യത്തെ ട്രാഫിക് പൊലീസ് സംഘത്തോട് വിവരം പറഞ്ഞപ്പോൾ അവർ വിട്ടയച്ചിരുന്നു. എന്നാൽ രണ്ടാമത്തെ സംഘം വാഹനം തടഞ്ഞതോടെയാണ് അപകടമുണ്ടായത്.
വാഹനം നിർത്താനായി ഉദ്യോഗസ്ഥന്മാരിൽ ഒരാൾ മൂന്നുവയസുകാരിയുടെ പിതാവിന്റെ കയ്യിൽ പിടിച്ച് വലിച്ചതോടെയാണ് വാഹനം നിയന്ത്രണം വിട്ടത്. ബൈക്ക് ഒരു വശത്തേക്ക് ചരിഞ്ഞു. ഇതിനിടയിലാണ് അമ്മയുടെ കയ്യിലിരുന്ന മൂന്നുവയസുകാരി പിടിവിട്ട് റോഡിലേക്ക് വീണത്. ഈ സമയത്ത് ഇതുവഴി വന്ന ലോറിയാണ് കുഞ്ഞിന്റെ ശരീരത്തിലൂടെ കയറിയത്. സംഭവത്തിൽ മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.




