ഉപ്പുകല്ലുകൾ പോലുള്ള വസ്തുക്കൾ തീരത്ത് അടിഞ്ഞു, കണ്ടെയ്നർ ഭീഷണി നിലനിൽക്കെ വർക്കല പാപനാശം തീരത്ത് ബലിതർപ്പണം

തിരുവനന്തപുരം: അറബിക്കടലിൽ മുങ്ങിയ ചരക്കുകപ്പലിൽ നിന്നുള്ള കൂടുതൽ കണ്ടെയ്നറുകൾ തിരുവനന്തപുരം ജില്ലയുടെ തീര പ്രദേശങ്ങളിലടക്കം അടിയുന്നതിടെ വർക്കല പാപനാശം തീരത്ത് ബലിതർപ്പണം നടത്തുന്നതിൽ ആശങ്ക. രാവിലെ മുതൽ പാപനാശത്ത് ബലിതർപ്പണത്തിന് ക്രമാതീതമായ തിരക്കാണുണ്ടാകുന്നത്. കണ്ടെയ്നർ ഭീഷണി നിലനിൽക്കെയാണ് വർക്കല പാപനാശം തീരത്ത് ബലിതർപ്പണം നടത്തുന്നതെന്നതാണ് ആശങ്കക്ക് കാരണം. ബലിതർപ്പണത്തിനായി കടൽത്തീരത്തെക്ക് ഇറങ്ങുന്ന ജനങ്ങളും ആശങ്കയിലാണ്. വർക്കല ടൂറിസം പൊലീസ് ഉച്ചഭാഷിണിയിലൂടെ ജാഗ്രതാ നിർദ്ദേശം നൽകുന്നുണ്ട്.വർക്കല മാന്തറ ബീച്ചിൽ പാറയിടുക്കിൽ അടിഞ്ഞ കണ്ടെയ്നറിന്റെ അവശിഷ്ടങ്ങൾ മാത്രമാണ്. കണ്ടെയ്നർ എല്ലാം പൊട്ടിപ്പൊളിഞ്ഞ് സാധനങ്ങൾ നഷ്ടപ്പെട്ട നിലയിലാണ്. അപകടകരമായവസ്തുക്കളുണ്ടെന്നും കണ്ടെയ്നർ തൊടരുത്, അടുത്ത് പോകരുതെന്നടക്കം നേരത്തെ നിർദ്ദേശമുണ്ടായിരുന്നു.




