Uncategorized

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്പോസ്റ്റിൽ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂർ സ്വദേശിയുമായ അബ്ദുൾ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങൾക്ക് മുമ്പ് വൈദ്യുതി കണക്ഷൻ നൽകുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയിൽ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

കുമ്പളം സെയ്ന്റ് മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലർച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടർന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്‌ദുൾ ഗഫൂർ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തിൽപ്പെടുകയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയും ആയിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേൽശാന്തിക്കും അപകടത്തിൽ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂർ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേൽശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തിൽ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button