സംവിധായകൻ ശങ്കറിൽ നിന്നുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് എഡിറ്റർ ഷമീർ മുഹമ്മദ്

തമിഴ് ബ്രഹ്മാണ്ഡ സംവിധായകൻ ശങ്കറിനൊപ്പം പ്രവർത്തിച്ചപ്പോഴുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ്, എഡിറ്റർ ഷമീർ മുഹമ്മദ്. ചാർളി, അങ്കമാലി ഡയറീസ്, രേഖാചിത്രം എന്നെ സിനിമകളിലൂടെ ശ്രദ്ധേയനായ ഷമീർ മുഹമ്മദ് ശങ്കറിന്റെ സംവിധാനത്തിൽ രാംചരൺ നായകനായ ഗെയിം ചെയ്ഞ്ചറിൽ ജോലി ചെയ്തപ്പോഴുണ്ടായ അനുഭവമാണ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തിയത്.
“വളരെ മോശം അനുഭവമായിരുന്നു, ശങ്കറിനൊപ്പമുള്ള അനുഭവം, വളരെ ആകാംഷയിലായിരുന്നു ചിത്രം എഡിറ്റ് ചെയ്യാനായി പോയത്. എന്നാൽ അവിടെ ഇവിടുത്തെ പോലെയൊന്നുമല്ല, വേറെയൊരു ലോകമാണ്. എഡിറ്റ് ചെയ്യേണ്ടുന്ന സമയത്തിനും, 10 ദിവസം മുൻപേ എന്നെ അവിടെ വെറുതെ കൊണ്ടിരുത്തും, അത്കഴിഞ്ഞു വീണ്ടും 10 ദിവസം ഇരുത്തും, അങ്ങനെ ഞാൻ 350 ദിവസത്തോളം അവിടെ പോസ്റ്റടിച്ച് ഇരുന്നിട്ടുണ്ട്, ഞാൻ ഇപ്പോൾ അദ്ദേഹത്തെ ഫോണിൽ ബ്ലോക്ക് ആക്കിയിരിക്കുകയാണ്” ഷമീർ മുഹമ്മദ് പറയുന്നു.



