അപകടമുനമ്പിൽ പേടിയോടെ 200ലേറെ യാത്രക്കാർ, ലഹോറിലേക്ക് പ്രവേശിക്കാന് അനുമതി നിഷേധിച്ചു; സ്ഥിരീകരിച്ച് ഡിജിസിഎ

ദില്ലി: പാകിസ്ഥാൻ ഇന്ത്യൻ യാത്രാ വിമാനത്തിന് വ്യോമപാത നിഷേധിച്ച നടപടിയിൽ പ്രതികരണവുമായി ഡിജിസിഎ
പത്താൻകോട്ടിന് സമീപം വച്ചാണ് വിമാനം ആകാശച്ചുഴിയിൽപെട്ട് അപകടത്തിലായത്. പാക് അന്താരാഷ്ട്ര അതിർത്തിയിലേക്കും ലാഹോറിലേക്കും പ്രവേശിക്കാന് അനുമതി നിഷേധിക്കപ്പെട്ടു. വളരെ അപകടകരമായ സാഹചര്യം തുടർന്നുണ്ടായി. അടയിന്തര സാഹചര്യമാണെന്ന് പൈലറ്റ് ശ്രീനഗർ എടിസിയെ അറിയിച്ചു. എന്നാൽ സുരക്ഷിത ലാൻഡിംഗ് നടത്താൻ സാധിച്ചു. യാത്രക്കാർ സുരക്ഷിതരാണെന്നും വിമാനത്തിന് കേടുപാടുണ്ടായെന്നും ഡിജിസിഎ അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ആകാശച്ചുഴിയിൽ അകപ്പെട്ട ഇന്ത്യൻ വിമാനത്തിന് പാകിസ്ഥാൻ സഹായം നിഷേധിച്ചുവെന്നുള്ള റിപ്പോര്‍ട്ടുകൾ വന്നതോടെ ഡിജിസിഎ വിശദീകരണം. ബുധനാഴ്ച ഒരു വിമാനം പ്രതികൂല കാലാവസ്ഥ ഒഴിവാക്കാൻ സഹായം അഭ്യർത്ഥിച്ചപ്പോഴാണ് പാകിസ്ഥാൻ ഈ നിലപാടെടുത്തതെന്ന് പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഡൽഹി-ശ്രീനഗർ ഇൻഡിഗോ എയർലൈൻസ് വിമാനം അപ്രതീക്ഷിതമായ ആകാശച്ചുഴിയെ നേരിട്ടപ്പോൾ, പൈലറ്റ് ലാഹോർ എയർ ട്രാഫിക് കൺട്രോളിനോട് പാകിസ്ഥാൻ വ്യോമാതിർത്തി താൽക്കാലികമായി ഉപയോഗിക്കാൻ അനുമതി തേടി. അതുവഴി പ്രതികൂല കാലാവസ്ഥ ഒഴിവാക്കാൻ കഴിയുമായിരുന്നു. എന്നാൽ ഈ അപേക്ഷ നിരസിക്കപ്പെട്ടുവെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.




