കാറ്റും മഴയും വരുന്നത് പേടിച്ച് വിറച്ച് കൊച്ചുകൂരയില്‍ രോഗിയായ അമ്മയും മക്കളും; ദളിത് കുടുംബത്തോട് സര്‍ക്കാരുകള്‍ക്കും അവഗണന; 15 വര്‍ഷമായി തുടരുന്ന നരകയാതന

തലസ്ഥാനത്ത് ദളിത് കുടുംബത്തോട് കൊടിയ അവഗണന. ഏത് നിമിഷവും നിലപൊത്താന്‍ സാധ്യതയുള്ള വീട്ടില്‍ രോഗിയായ സ്ത്രീകളും മക്കളും താമസിക്കാന്‍ തുടങ്ങിയിട്ട് 15 വര്‍ഷമായിട്ടും അധികാരികള്‍ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് പരാതി. ഈ നിര്‍ധന കുടുംബത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പാര്‍പ്പിട പദ്ധതികളില്‍ ഉള്‍പ്പെടുത്തി വീട് നല്‍കിയില്ല. മടവൂര്‍ പുലിയൂര്‍ക്കോണത്ത് നാലംഗ കുടുംബത്തിനാണ് ദുരവസ്ഥ.വീടെന്ന് പോലും വിളിക്കാനാകാത്ത ഷീറ്റുകള്‍ കൊണ്ട് മറച്ച കൂരയിലാണ് ലതികയും മക്കളും താമസിക്കുന്നത്. ഒന്ന് നിവര്‍ന്ന് നില്‍ക്കാന്‍ പോലും കഴിയാത്ത ലതികയ്ക്ക് ജോലിക്ക് പോകാനാകാത്തതിനാല്‍ കൊടിയ ദാരിദ്ര്യത്തിലാണ് കുടുംബം. അതിനുപുറമേ ശക്തമായൊരു കാറ്റും മഴയും വന്നാല്‍പ്പോലും കൂര ഇടിഞ്ഞുവീഴുമെന്ന് ഇവര്‍ക്ക് ഭയവുമുണ്ട്. ഒരു മഴ വന്നാല്‍ രണ്ട് കുഞ്ഞുങ്ങളുടേയും പുസ്തകങ്ങളാകെ നനയും. പഠിക്കാന്‍ പോലും അവര്‍ക്ക് കഴിയില്ല. ചോര്‍ച്ചയുള്ള കൂരയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ മുഖത്തും ശരീരത്തിലുമെല്ലാം മഴവെള്ളം വീണ് ഇവര്‍ക്ക് ഇടക്കിടെ ഞെട്ടിയുണരേണ്ടി വരും.




