Uncategorized

ഇന്ത്യൻ റെയിൽവേയുടെ സൂപ്പർ ആപ്പ് ‘സ്വറെയിൽ’ ലഭ്യമായിത്തുടങ്ങി

മുംബൈ: റെയിൽവേയുടെ ഒട്ടുമിക്ക സേവനങ്ങളും ഒന്നിച്ച് ലഭ്യമാക്കുന്ന സൂപ്പർ ആപ്പ് ‘സ്വറെയിൽ’ ലഭ്യമായിത്തുടങ്ങി. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിളിന്റെ ആപ്പ് സ്റ്റോറിലും ലഭിക്കും. ദീർഘദൂര, ലോക്കൽ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഭക്ഷണവും ഓർഡർ ചെയ്യാം. ട്രെയിനിന്റെ ലൈവ് ലൊക്കേഷൻ അറിയാനും ചരക്ക് കൈകാര്യം ചെയ്യാനും ഈ ആപ്പിലൂടെ സാധിക്കും.

ഐആർസിടിസിയും (ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ) ക്രിസും (സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ്) ചേർന്ന് വികസിപ്പിച്ചതാണ് ഈ ആപ്ലിക്കേഷൻ. നിലവിൽ റെയിൽ കണക്ട് എന്ന ആപ്പ് ഉപയോഗിക്കുന്നവർക്ക് അതിന്റെ അക്കൗണ്ട് വിവരങ്ങൾ ഉപയോഗിച്ച് ഇത് ലോഗിൻ ചെയ്യാം. പുതിയ അക്കൗണ്ട് തുറക്കുകയുമാകാം. യുടിഎസ് ആപ്പ് ഉപയോഗിക്കുന്നവർക്ക് അതിലെ ആർ വാലറ്റ് സൗകര്യം പുതിയ ആപ്പുമായി ബന്ധിപ്പിക്കും. പ്ലാറ്റ്ഫോം ടിക്കറ്റെടുക്കുക, ടിക്കറ്റിന്റെ പിഎൻആർ സ്റ്റാറ്റസ് തിരയുക, വണ്ടിയുടെ കോച്ചുകളുടെ സ്ഥാനങ്ങൾ തിരയുക, റെയിൽവേയുടെ സഹായങ്ങൾ അഭ്യർഥിക്കുക, പരാതി നൽകുക തുടങ്ങി ഒട്ടേറെ സേവനങ്ങളും ആപ്പിലൂടെ ലഭ്യമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button