Uncategorized

യക്ഷിക്കോട്ട – രാജമല വഴി – കരിയംകാപ്പ് അങ്കണവാടി റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യവുമായി പ്രദേശവാസികൾ

അടയ്ക്കാത്തോട്: കേളകം പഞ്ചായത്തിലെ യക്ഷിക്കോട്ട രാജമല വഴി – കരിയംകാപ്പ് അങ്കണവാടി റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യവുമായി പ്രദേശവാസികൾ. പഞ്ചായത്തിലെ ആറ്, ഏഴ് വാർഡുകളിലായി വരുന്ന റോഡിന്റെ ഏകദേശം ഒരു കിലോമീറ്ററോളം ദൂരമാണ് കല്ലും മണ്ണും നിറഞ്ഞ് ഓഫ് റോഡിന് സമാനമായിട്ടുളളത്.

റോഡിന്റെ കുറച്ച് ഭാഗം ടാറും കുറച്ച് ഭാഗം കോൺക്രീറ്റും ചെയ്തിട്ടുണ്ട്. 35 വർഷമായി ഉപയോഗിക്കുന്ന റോഡാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. കഴിഞ്ഞ 25 വർഷത്തിന് ഇടയിൽ ഏകദേശം 700 മീറ്റർ മാത്രമാണ് കോൺക്രീറ്റും ടാറും ചെയ്തത്. റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് പ്രദേശവാസികൾ വർഷങ്ങളായി ആവശ്യപ്പെടുന്നതാണ്. പ്രദേശവാസികൾ ചേർന്ന് ജനപ്രതിനിധികൾക്ക് നിവേദനവും നൽകിയിരുന്നു. എന്നാൽ നാളിതുവരെയായിട്ടും റോഡ് പൂർണ്ണമായും ഗതാഗതയോഗ്യമാക്കി നൽകിയില്ലെന്നാണ് പ്രദേശവാസികൾ പരാതി പറയുന്നത്.

റോഡിന്റെ ഏഴാം വാർഡിൽ വരുന്ന ഭാഗത്ത് 300 മീറ്ററും ആറാം വാർഡിൽ വരുന്ന ഭാഗത്ത് 700 മീറ്ററുമാണ് ഓഫ് റോഡിന് സമാനമായി കിടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മഴവെളളം കുത്തിയൊലിച്ച് വന്നതോടെ റോഡിന്റെ സ്ഥിതി കൂടുതൽ ശോചനീയമായി. ഇപ്പോൾ എകദേശം പത്ത് കുടുംബങ്ങളാണ് റോഡിനെ ആശ്രയിക്കുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. നേരത്തെ നിരവധി കുടുംബങ്ങൾ യക്ഷിക്കോട്ട ഭാഗത്ത് താമസിച്ചിരുന്നു. കുറേ പേർ പ്രദേശത്ത് നിന്ന് താമസം മാറ്റി. എന്നാൽ താമസം മാറി പോയവരുടെ കൃഷിയിടങ്ങൾ യക്ഷിക്കോട്ട ഭാഗത്ത് ഉണ്ട്. റോഡ് ഗതാഗതയോഗ്യമല്ലാത്തത് മൂലം പറമ്പ് വിൽക്കാൻ പോലും സാധിക്കുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. യക്ഷിക്കോട്ട – രാജമല വഴി കരിയംകാപ്പ് അങ്കണവാടി റോഡ് കോൺക്രീറ്റോ, ടാറോ ചെയ്തു തരണമെന്നാണ് പ്രദേശവാസികൾ ആവശ്യം ഉന്നയിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button