Uncategorized

60000 രൂപയുടെ ഐ ഫോൺ മോഷ്ടിച്ച് 2000 രൂപക്ക് വിറ്റു, കള്ളന്മാരും ഫോൺ വാങ്ങിയ കടയുടമയും പെട്ടു!

തൃശൂർ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽനിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച രണ്ടുപേരെയും മോഷ്ടിച്ച ഫോൺ വാങ്ങിയ കടയുടമയെയും ടെമ്പിൾ പൊലീസ് അറസ്റ്റുചെയ്തു. മോഷണം നടത്തിയ തളിക്കുളം വടക്കേഭാഗം കൈതിക്കല്‍ കല്ലിങ്കല്‍ ബതീഷ് (36), ഇരിങ്ങാലക്കുട കരുവന്നൂര്‍ ബംഗ്ലാവ് വെള്ളാനി വീട്ടില്‍ മണികണ്ഠന്‍ (48) എന്നിവരും മോഷണമുതൽ വാങ്ങിയ കേസിൽ ചാവക്കാട്ടെ കടയുടമ ബ്ലാങ്ങാട് കുറ്റിക്കാട്ടില്‍ വീട്ടില്‍ ഹുസൈനെയുമാണ് (43) അറസ്റ്റുചെയ്തത്.

തമിഴ്‌നാട്ടില്‍ താമസിക്കുന്ന നോര്‍ത്ത് പറവൂര്‍ സ്വദേശിനി ജിനി, ബസ് സ്റ്റാൻഡിൽ ചാർജ് ചെയ്യാനായി വെച്ചിരുന്ന വിലകൂടിയ ഐ ഫോണാണ് തിങ്കളാഴ്ച മോഷ്ടിച്ചത്. ബസ് സ്റ്റാൻഡിലെ സിസിടിവി പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. 60000 രൂപയിലേറെ വിലമതിക്കുന്ന ഐ ഫോണ്‍ ചാവക്കാട്ടെ മൊബൈല്‍ കടയില്‍ 2000 രൂപക്കാണ് പ്രതികള്‍ വിറ്റതെന്ന് പൊലീസ് പറഞ്ഞു.

ഫോണിന്റെ ലോക്ക് തുറന്ന് കടയുടമ വിൽപനക്ക് വെച്ചിരിക്കെയാണ് പൊലീസ് ഫോണ്‍ കണ്ടെടുത്തത്. എസ്.ഐ പ്രീത ബാബു, എ.എസ്.ഐ അഭിലാഷ്, സീനിയര്‍ സി.പി.ഒമാരായ അരുണ്‍, സോജേഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button