അതിഥിത്തൊഴിലാളികളുടെ പണവും ഫോണുകളും കവർന്ന എക്സൈസ് ഉദ്യോഗസ്ഥരടക്കം നാലുപേർ പിടിയിൽ

കിഴക്കമ്പലം: അതിഥിത്തൊഴിലാളികളുടെ പണവും ഫോണുകളും കവർന്ന കേസിൽ രണ്ട് എക്സൈസ് ഉദ്യോഗസ്ഥരടക്കം നാലുപേർ പിടിയിൽ. പെരുമ്പാവൂർ എക്സൈസ് യൂണിറ്റിലെ ഉദ്യോഗസ്ഥനായ പുഴക്കര സലീം യൂസഫ് (52), ആലുവ എക്സൈസ് യൂണിറ്റ് ഉദ്യോഗസ്ഥനായ തായിക്കാട്ടുകര മേക്കില വീട്ടിൽ സിദ്ധാർഥ് (35), ചൂണ്ടി തെങ്ങനാംകുഴി മണികണ്ഠൻ ബിലാൽ (30), ബിബിൻ (32) എന്നിവരാണ് പിടിയിലായത്. ഇവരെ പെരുമ്പാവൂർ കോടതി റിമാൻഡ് ചെയ്തു. എക്സൈസ് ഉദ്യോഗസ്ഥരായ സലീം യൂസഫിനെയും സിദ്ധാർഥിനെയും എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്‌തു. കഴിഞ്ഞ ദിവസം വാഴക്കുളം പോസ്റ്റ് ഓഫീസ് ജങ്ഷനിലെ അതിഥിത്തൊഴിലാളി ക്യാമ്പിൽ പരിശോധനയ്ക്കെന്ന പേരിലെത്തിയാണ് കവർച്ച നടത്തിയത്. തൊഴിലാളികൾ താമസിക്കുന്ന മുറികളിൽ നിന്ന് 56,000 രൂപയും നാല് മൊബൈൽ ഫോണുകളുമാണ് കവർന്നത്.
തൊഴിലാളികൾ ഉടൻ തടിയിട്ടപറമ്പ് പോലീസിൽ പരാതി നൽകി. എക്സൈസ് ഉദ്യോഗസ്ഥർ തൊഴിലാളികളെ ഉപദ്രവിച്ചതായും പരാതിയുണ്ട്. തുടർന്നുള്ള അന്വേഷണത്തിൽ നാലുപേരെയും പോലീസ് അറസ്റ്റുചെയ്തു. അറസ്റ്റിലായ ബിലാൽ എടത്തല പോലീസ് രജിസ്റ്റർ ചെയ്‌ത മറ്റൊരു കേസിലെ പ്രതിയാണ്. അതിഥിത്തൊഴിലാളികളുടെ താമസകേന്ദ്രങ്ങളിൽ കയറുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.




