അതിര്‍ത്തികള്‍ ശാന്തം, പ്രധാനമന്ത്രിയുടെ വസതിയിൽ നിര്‍ണായക യോഗം, വാര്‍ത്താസമ്മേളനം ഒഴിവാക്കി

ദില്ലി: ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വെടിനിര്‍ത്തൽ പ്രഖ്യാപിച്ചതോടെ അതിര്‍ത്തി മേഖല ശാന്തം. ഇന്ന് പുലര്‍ച്ചെ മുതൽ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. നിയന്ത്രണ രേഖയിലെ വിവിധയിടങ്ങളിലും സ്ഥിതിഗതികള്‍ ശാന്തമാണ്. കഴിഞ്ഞ ദിവസങ്ങളിൽ ആക്രമണശ്രമം നടന്ന അതിര്‍ത്തി സംസ്ഥാനങ്ങളിലും എല്ലാം ശാന്തമാണ്. ജനജീവിതം സാധാരണ നിലയിലേക്ക് മാറുകയാണ്.
അതേസമയം, അതിര്‍ത്തി മേഖലയിടലടക്കം സൈന്യം കനത്ത ജാഗ്രത തുടരുന്നുണ്ട്. സ്ഥിതിഗതികളും തുടര്‍ നടപടികളും വിലയിരുത്താൻ പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതതല യോഗം ചേരുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള യോഗത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സംയുക്ത സേനാ മേധാവി, മൂന്ന് സേനാ മേധാവിമാര്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്.
അതേസമയം, വെടിനിര്‍ത്തൽ അടക്കമുള്ള കാര്യങ്ങള്‍ വിശദീകരിക്കാൻ ഇന്ന് രാവിലെ 11ന് പ്രതിരോധ മന്ത്രാലയം നിശ്ചയിച്ച വാര്‍ത്താസമ്മേളനം ഒഴിവാക്കി. വാര്‍ത്താസമ്മേളനം തൽക്കാലം ഇല്ലെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. വെടിനിര്‍ത്തലിനുശേഷം പാകിസ്ഥാന്റെ നീക്കം നിരീക്ഷിക്കാനും ആവശ്യമെങ്കിൽ വെടിനിര്‍ത്തൽ ധാരണയിൽ നിന്ന് പിന്മാറുമെന്നുമാണ് ഇന്ത്യയുടെ നിലപാട്.




