പിതാവിന്റെ സ്മരണയിൽ സ്കൂളിന് അസംബ്ലി പന്തൽ ഒരുക്കി മകൻ

ഇരിട്ടി: നാടിനും സമൂഹത്തിനും ഏറെ പ്രിയപ്പെട്ട തന്റെ പിതാവിന്റെ ഓർമ്മകൾ നിലനിർത്തുന്നതിനായി പഠിച്ച സ്കൂളിൽ 12 ലക്ഷം രൂപ ചെലവിൽ അസംബ്ലി പന്തൽ നിർമിച്ചുനൽകി ഒരു മകൻ.
വിളക്കോട് ഗവ. യുപി സ്കൂളിലെ പൂർവ വിദ്യാർഥി കൂടിയായ ടി.പി. മുഹമ്മദ് തന്റെ പിതാവും വിളക്കോട്ടെ പൊതുപ്രവർത്തകനും ആദ്യകാല മഹല്ല് കമ്മിറ്റി ഭാരവാഹിയുമായിരുന്ന കണ്ടോത്ത് മായൻ ഹാജിയുടെ സ്മരണയ്ക്കായാണ് അസംബ്ലി പന്തൽ സമർപ്പിക്കുന്നത്.
പിതാവിനോടുള്ള മകന്റെ സ്നേഹാദരവിന്റെ സൂചനയായി സ്കൂളിന്റെ നൂറാംവാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് പന്തൽ ഒരുക്കിയത്. ഇതിനുപുറമെ സ്കൂൾ മുറ്റം ഇന്റർലോക്ക് ചെയ്യുകയും ചെയ്തു.
12 ലക്ഷത്തിലധികം രൂപ ചെലവിട്ട് നടത്തിയ സേവനപ്രവർത്തനം സ്കൂളിനും നാടിനും ഏറെ മുതൽക്കൂട്ടായിരിക്കുകയാണ്.
സ്കൂൾ വിദ്യാർഥികൾക്ക് മഴയും വെയിലുമേൽക്കാതെ സ്കൂൾ അസംബ്ലി ചേരാനും പൊതുയോഗങ്ങളും മറ്റ് അനുബന്ധപരിപാടികൾ സംഘടിപ്പിക്കാനും സാധിക്കും വിധത്തിലാണ് പന്തൽ നിർമിച്ചിട്ടുള്ളത്.
ഉദ്ഘാടനം ഇന്ന്
തിങ്കളാഴ്ച രാവിലെ 10-ന് സ്കൂളിൽ നടക്കുന്ന ചടങ്ങിൽ പൂർവവിദ്യാർഥി കൂടിയായ ഡോ. വി. ശിവദാസൻ എംപി പന്തൽ ഉദ്ഘാടനം ചെയ്ത് സ്കൂളിന് സമർപ്പിക്കും. മുഴക്കുന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി. ബിന്ദു അധ്യക്ഷയാകും. സണ്ണി ജോസഫ് എംഎൽഎ മുഖ്യാതിഥിയാവും.




