‘അതെന്താ അവരെ പിടിക്കാത്തത്’? ചോദ്യം ചെയ്ത യുവതിയെ തല്ലി പോലീസ് ഉദ്യോഗസ്ഥന്‍, വീഡിയോ വൈറല്‍,

ഇന്ത്യയുടെ ലോക പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമാണ് നൈനിറ്റാൾ. ദില്ലിയില്‍ നിന്നും ഉത്തരാഘണ്ഡിലെ നൈനിറ്റാളിലേക്ക് 324 കിലോമീറ്റരാണ് ദൂരം. കഴിഞ്ഞ ദിവസം ദില്ലിയില്‍ നിന്നും നൈനിറ്റാളിലേക്ക് സ്കൂട്ടറില്‍ പോയ രണ്ട് യുവതികളെ നൈനിറ്റാള്‍ പോലീസ് അകാരണമായി തല്ലുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പോലീസ് ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് സമൂഹ മാധ്യമ ഉപയോക്താക്കളും രംഗത്തെത്തി.
നൈനിറ്റാളിലെ രാംഗഡ് മേഖലയിലെത്തിയ സഞ്ചാരികളായ യുവതികളെ, പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന പോലീസുകാരാണ് തടഞ്ഞ് നിര്‍ത്തി പിഴ ഈടാക്കാന്‍ ശ്രമിച്ചത്. ഇത് ചോദ്യം ചെയ്തതായിരുന്നു പോലീസ് ഉദ്യോഗസ്ഥനെ പ്രകോപിപ്പിച്ചത്. പിന്നാലെ ഇയാൾ യുവതിയെ മർദ്ദിക്കുകയും, സംഭവം റെക്കോര്‍ഡ് ചെയ്യുകയായിരുന്ന അവരുടെ ഫോണ്‍ കൈക്കലാക്കി വലിച്ചെറിയുകയും ചെയ്യുന്നു. എന്നാല്‍, തങ്ങളെ അന്യായമായി തടഞ്ഞ് വച്ച് മര്‍ദ്ദിക്കുകയാണെന്ന് ഫോണ്‍ വീണ്ടെടുത്തതിന് പിന്നാലെ യുവതി വീഡിയോയില്‍ പറയുകയും പോലീസ് ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ ചിത്രീകരിക്കുകയും ചെയ്യുന്നു. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ സഞ്ചാരികൾക്കെതിരെ പോലീസിന്‍റെ നിലപാട് ഇതാണെങ്കില്‍ വിനോദ സഞ്ചാരം എങ്ങനെ പ്രോത്സാഹിപ്പിക്കപ്പെടുമെന്ന് നിരവധി പേരാണ് ചോദിച്ചത്.




