Uncategorized

അനധികൃത സ്വത്ത് സമ്പാദന കേസ്; സ്ഥാനത്തിരുന്നാൽ കെഎം എബ്രഹാം മറ്റൊരു ശിവശങ്കറായി മാറുമെന്ന് ജോമോൻ പുത്തൻപുരക്കൽ

ദില്ലി: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാമിന് സുപ്രിം കോടതിയിൽ നിന്നും തിരിച്ചടിയുണ്ടാകുമെന്ന് ജോമോൻ പുത്തൻപുരയ്ക്കൽ. സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ച് സ്റ്റേ നേടാനുള്ള ശ്രമമാണ് എബ്രഹാം നടത്തുന്നതെന്നും അത് തടയാനാണ് താൻ തടസ്സ ഹർജി നൽകിയതെന്നും ജോമോൻ പുത്തൻപുരയ്ക്കൽ പറഞ്ഞു.

‘സർക്കാർ എബ്രഹാമിനെ സംരക്ഷിക്കാൻ പഠിച്ച പണി പതിനെട്ടും നോക്കുകയാണ്. കൈകൾ ശുദ്ധമാണെന്നാണ് പറഞ്ഞത്. അങ്ങനെയാണെങ്കിൽ എന്തിനാണ് എബ്രഹാം സുപ്രീം കോടതിയിലെത്തുന്നത്. സിബിഐ കേസിൽ പ്രതിയായ ഒരാൾ സ്ഥാനത്ത് തുടരുന്നത് കേന്ദ്ര വിജിലൻസ് മാനുവലിന് എതിരാണ്. ഈ സ്ഥാനത്ത് കെ എം എബ്രഹാം തുടരുകയാണെങ്കിൽ അയാൾ മറ്റൊരു ശിവശങ്കർ ആയി മാറും’ എന്നും ജോമോൻ പുത്തൻപുരയ്ക്കൽ പറഞ്ഞു. മുംബൈയിലെ 3 കോടി വിലയുള്ള അപ്പാർട്ട്മെന്റ്, തിരുവനന്തപുരത്തെ ഒരു കോടിയുടെ അപ്പാർട്ട്മെന്റ്, കൊല്ലം കടപ്പാക്കടയിലെ 8 കോടി വിലയുളള ഷോപ്പിംഗ് കോംപ്ലക്സ് അടക്കം കെ എം എബ്രഹാം സമ്പാദിച്ച ആസ്തികൾ വരവിൽ കവിഞ്ഞ സ്വത്താണ് എന്നാണ് ആരോപണം. പരാതി ആദ്യം അന്വേഷിച്ചത് സംസ്ഥാന വിജിലൻസായിരുന്നു. അന്ന് ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെ ഉദ്യോഗസ്ഥർ കെ എം എബ്രഹാമിന്റെ വീട്ടിൽ കയറി പരിശോധന നടത്തിയത് വലിയ വിവാദമായി. പെൻ ഡൗൺ സമരം നടത്തിയാണ് ഐഎഎസ് ഉദ്യോഗസ്ഥർ പ്രതിഷേധം അറിയിച്ചത്.

ജേക്കബ് തോമസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറിയതോടെ കെ എം എബ്രഹാമിന് കേസിൽ ക്ലീൻ ചീറ്റ് കിട്ടി. തുടരന്വേഷണം നടത്തണമെന്ന ആവശ്യം തിരുവനന്തപുരം വിജിലൻസ് കോടതി 2017 ല്‍ തള്ളി. കേസ് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ജോമോൻ പുത്തൻ പുരയ്ക്കല്‍ 2018 ല്‍ ഹൈക്കോടതിയെ സമീപിച്ചു. 2025 ഏപ്രില്‍ 11 ന് കേസ് സിബിഐ അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. എബ്രഹാമിനെ രക്ഷിക്കാൻ ആസൂത്രിത ശ്രമം നടന്നുവെന്നും. വരവിൽ കവിഞ്ഞ സ്വത്തിന് പ്രഥമ ദൃഷ്ട്യാ തെളിവ് ഉണ്ടെന്നും നിരീക്ഷിച്ചായിരുന്നു കോടതി ഉത്തരവ്. സിബിഐ അന്വേഷണത്തിനെതിരെ കെഎം എബ്രഹാം സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button