ഉണങ്ങിയ നെല്ലിന് ‘കിഴിവ്’ ചോദിച്ച് സംഭരണം വൈകിക്കുന്നു, ദുരിതത്തിലായി ഇരിങ്ങാലക്കുടയിലെ കർഷകർ

തൃശൂർ: കൊയ്ത്ത് കഴിഞ്ഞ് മൂന്നാഴ്ച പിന്നിട്ടിട്ടും സംഭരിക്കാന്‍ മില്ലുടമകളോ ഏജന്റുമാരോ തയാറാകാത്തതിനാൽ ഇരിങ്ങാലക്കുടിയൽ കെട്ടിക്കിടക്കുന്നത് ടൺ കണക്കിന് നെല്ല്. ഇരിങ്ങാലക്കുട മുരിയാട് പാടശേഖരത്തിലെ ഒരു കൂട്ടം കര്‍ഷകരാണ് പ്രതീക്ഷകള്‍ നശിച്ച അവസ്ഥയിലായിരിക്കുന്നത്. പുല്ലൂര്‍ പള്ളിക്കു സമീപമുള്ള സെന്റ് സേവിയേഴ്‌സ് സ്‌കൂള്‍ ഗ്രൗണ്ടിലും പള്ളി പറമ്പിലും ടണ്‍ കണക്കിന് നെല്ല് സംഭരിക്കാനാളില്ലാത്തതിനാല്‍ കെട്ടിക്കിടക്കുകയാണ്. മുരിയാട് പഞ്ചായത്തിലെ കൃഷിഭവന് കീഴിലെ പൊതുമ്പുചിറ പാടശേഖരത്തിലെ കര്‍ഷകര്‍ക്കാണ് ഈ ദുര്‍ഗതി നേരിടേണ്ടി വന്നിരിക്കുന്നത്. 80 ഏക്കര്‍ പാടശേഖരത്തിലെ കര്‍ഷകരുടെ കൊയ്‌തെടുത്ത നെല്ലാണ് ആരും സംഭരിക്കാതെ കെട്ടിക്കിടക്കുന്നത്.
ഏറെ പ്രതീക്ഷയോടെ നെല്ല് കൊയ്തു കൂട്ടിയിട്ടിരിക്കുന്ന കര്‍ഷകരാണ് ഇപ്പോള്‍ എന്തു ചെയ്യുമെന്നറിയാതെ വിഷമിക്കുന്നത്. പുല്ലര്‍ സെന്റ് സേവിയേഴ്‌സ് ആശ്രമം, ബാബു കോലങ്കണ്ണി, ശേഖരന്‍ കോച്ചേരി, ബിജു ചിറയത്ത്, വിക്രമന്‍ അമ്പാടന്‍, ജോസഫ് കോക്കാട്ട്, പ്രേമന്‍ തെക്കാട്ട് തുടങ്ങി നിരവധി കര്‍ഷകരുടെ ഉടമസ്ഥതയിലുള്ള പാടശേഖരങ്ങളിലെ 60 ടണ്‍ നെല്ലാണ് സംഭരിക്കാതെ കെട്ടിക്കിടക്കുന്നത്. പാട്ടത്തിനെടുത്ത് കൃഷി ചെയതവരുടെയും ഗതി ഇതുതന്നെയാണ്. കടം വാങ്ങിയും വായ്പയെടുത്തും സ്വര്‍ണാഭരണങ്ങള്‍ പണയംവച്ചും പണം കണ്ടെത്തി കൃഷിയിറക്കിയ കര്‍ഷകരുടെ വിളവെടുത്ത നെല്ലാണ് വില്‍ക്കാന്‍ കഴിയാതെ പ്രതിസന്ധിയില്‍ ആയിരിക്കുന്നത്. നെല്ല് ഇനി എന്ന് സംഭരിക്കുമെന്ന് നിശ്ചയമില്ല. നെല്ലിന്റെ തൂക്കം നോക്കി കമ്പനിക്ക് അയക്കുന്ന സമയത്ത് വളരെ കൂടുതലായിട്ടുള്ള കിഴിവാണ് മില്ലുടമകള്‍ അവരുടെ ഏജന്റുമാര്‍ വഴി ആവശ്യപ്പെടുന്നത്. ഉണങ്ങി കിടക്കുന്ന നെല്ലിന് ഈര്‍പ്പം ഉണ്ടാകില്ല, അതിനാല്‍ തന്നെ കിഴിവിന്റെ ആവശ്യമില്ല. പിന്നെ ഇത് ആര്‍ക്ക് ലാഭം ഉണ്ടാക്കാന്‍ വേണ്ടിയാണ് സപ്ലൈകോ ഉദ്യോഗസ്ഥരും മില്ലുടമകളും അവരുടെ ഏജന്റുമാരും ഇത്തരത്തിലുള്ള പരിശ്രമം നടത്തുന്നതെന്നാണ് കര്‍ഷകരുടെ പരാതി.




