പരീക്ഷയ്ക്ക് ദില്ലിയിലേക്ക് പോയതാണ് ഭാവന, കണ്ടെത്തുന്നത് ഹരിയാനയിൽ, പൊള്ളലേറ്റ് ജയ്പൂരിലെ ആശുപത്രിയിൽ മരണം

ദില്ലി: ഹരിയാനയിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ രാജസ്ഥാനിൽ നിന്നുള്ള യുവ ഡോക്ടര്‍ ചികിത്സയിലിരിക്കെ മരിച്ചു. ദില്ലിയിൽ ബിരുദാനന്തര ബിരുദ പഠനത്തിന് തയ്യാറെടുക്കുന്ന 25കാരിയായ ഭാവന യാദവാണ് മരിച്ചത്. ഹിസാറിൽ വെച്ച് ഭാവനയ്ക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. അമ്മയ്ക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഹിസാറിലെത്തിയ അവർ മകളെ ജയ്പൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ഓൺലൈനിൽ ക്ലാസുകൾ കേട്ട് ആഴ്ചതോറും ദില്ലിയിൽ പരീക്ഷയ്ക്ക് പോവുമായിരുന്നു ഭാവന. എന്നാൽ ഇവര്‍ എങ്ങനെ ഹിസാറിൽ എത്തിയതെന്ന് വ്യക്തമല്ല. മരണത്തിൽ ദുരൂഹതകൾ ചൂണ്ടിക്കാട്ടി അമ്മ ഗായത്രി യാദവ് ജയ്പൂരിൽ കേസ് ഫയൽ ചെയ്തിരിക്കുകയാണിപ്പോൾ. ഫിലിപ്പീൻസിൽ 2023-ൽ മെഡിക്കൽ പഠനം പൂർത്തിയാക്കിയതാണ് ഭാവന യാദവ്. വിദേശത്ത് എംബിബിഎസ് ബിരുദം നേടിയ വിദ്യാര്‍ത്ഥികൾക്കായുള്ള നിർബന്ധിതമായ മെഡിക്കൽ ലൈസൻസിംഗ് പരീക്ഷയായ ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു അവൾ.




