പഹൽഗാം ഭീകരാക്രമണം; വീടുകൾ തകർക്കുന്ന നടപടിയിൽ അതൃപ്തി പ്രകടിപ്പിച്ച് ഒമർ അബ്ദുള്ള, ‘നിരപരാധികളെ ബാധിക്കരുത്’

ദില്ലി: കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഭീകരരുടെ വീടുകൾ തകർക്കുന്ന അധികൃതരുടെ നടപടിയിൽ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ഭീകരതയ്ക്കെതിരെ കശ്മീരിലെ ജനം ഒറ്റക്കെട്ടായി നിൽക്കുകയാണ്. ഈ പിന്തുണ നിലനിറുത്തണമെന്നും ജനത്തെ അകറ്റരുതെന്നും ഒമർ അബ്ദുള്ള പറഞ്ഞു. കുറ്റവാളികളെ ദയയില്ലാതെ ശിക്ഷിക്കണം. നിരപരാധികളെ ഇത് ബാധിക്കരുതെന്നും ഒമർ അബ്ദുള്ള സാമൂഹ്യമാധ്യമങ്ങളിൽ പ്രതികരിച്ചു.
അതേസമയം, ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കശ്മീരിൽ ഭീകരരുടെ വീടുകൾ അധികൃതർ തകർക്കുന്നത് തുടരുകയാണ്. കുപ്വാരയിൽ ഭീകരൻ്റെ വീട് സുരക്ഷാ സേന സ്ഫോടനത്തിൽ തകർക്കുകയായിരുന്നു. ലഷ്കർ ഭീകരൻ ഫാറൂഖ് അഹമ്മദിൻ്റെ വീടാണ് സ്ഫോടനത്തിൽ തകർത്തത്. നിലവിൽ പാക്കിസ്ഥാനിൽ ഭീകര സംഘത്തിനൊപ്പമാണ് ഫാറൂഖ്. പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം ഭീകരരുടെ വീടുകൾ തകർത്തിരുന്നു. കശ്മീരിൽ ഇന്നലെ അഞ്ച് ഭീകരരുടെ വീടുകളാണ് ജില്ലാ ഭരണകൂടം തകർത്തത്. കശ്മീരിലെ ഷോപിയാൻ, കുൽഗാം എന്നീ ജില്ലകളിൽ ഓരോ വീടുകളും പുൽവാമയിൽ മൂന്ന് വീടുകളുമാണ് തകർത്തത്. ഷോപിയാനിൽ മുതിർന്ന ലഷ്കരെ ത്വയ്ബ കമാൻഡർ ഷാഹിദ് അഹ്മദ് കുട്ടേയുടെയും കുൽഗാമില് തകർത്തത് ഭീകരൻ സാഹിദ് അഹമ്മദിന്റെയും വീടുകൾ തകർത്തു. പുൽവാമയിൽ ലഷ്കർ ഭീകരൻ ഇഷാൻ അഹമ്മദ് ഷെയ്ഖ്, ഹാരിസ് അഹമ്മദ്, അഹ്സാൻ ഉൾ ഹഖ് ഷെയ്ഖ് എന്നിവരുടെയും വീടുകൾ കഴിഞ്ഞ ദിവസം തകർത്തിരുന്നു.




