മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾക്കിടയിൽ നിന്നും ലോകം കാത്തിരുന്ന വാർത്ത! ട്രംപും സെലൻസ്കിയുമായി കൂടിക്കാഴ്ച

വത്തിക്കാൻ സിറ്റി: ലോകം മുഴുവൻ സമാധാനം പടരട്ടെയെന്ന് ആഗ്രഹിച്ച ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങുകളും സമാധാന ചർച്ചകളുടെ വേദിയായി. റഷ്യ – യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനായി അമേരിക്ക തുടങ്ങിവച്ച ചർച്ചകൾ വീണ്ടും തുടങ്ങാനുള്ള സാധ്യതകളാണ് റോമിൽ നിന്നും പുറത്തുവരുന്നത്. മാർപാപ്പയുടെ സംസ്കാര ചടങ്ങിനെത്തിയ യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും യുക്രൈൻ പ്രസിഡന്‍റ് വ്ലാഡ്മിർ സെലൻസ്കിയും തമ്മിൽ റോമിൽ കൂടിക്കാഴ്ച നടത്തി. ഫെബ്രുവരിയിൽ ഓവൽ ഓഫീസിലെ തർക്കത്തിന് ശേഷം ഇരുവരും കണ്ടുമുട്ടുന്നതും ചർച്ച നടത്തുന്നതും ഇതാദ്യമാണ്. അന്ന് തെറ്റിപ്പിരിഞ്ഞ ചർച്ചകൾ വീണ്ടും തുടങ്ങുമെന്ന സൂചനകളാണ് ഇതിന് പിന്നാലെ വൈറ്റ് ഹൗസിൽ നിന്നടക്കം പുറത്തുവരുന്നത്.
മാർപാപ്പയുടെ സംസ്കാര ചടങ്ങിന് മുന്നെ ട്രംപുമായി സെലൻസ്കി കൂടിക്കാഴ്ച നടത്തിയെന്ന് സെലൻസ്കിയുടെ വക്താവ് ആണ് ആദ്യം അറിയിച്ചത്. പിന്നാലെ വൈറ്റ് ഹൗസും കൂടിക്കാഴ്ച സ്ഥിരീകരിച്ചു. കൂടികാഴ്ച ഫലപ്രദം എന്നാണ് വൈറ്റ് ഹൗസ് പ്രതികരിച്ചത്. മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾക്ക് ശേഷം ഇരുവരും വീണ്ടും ചർച്ച നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.




