എല്ലാം ഇരുട്ടിന്റെ മറവിൽ, രാത്രി കാലങ്ങളിൽ കുന്നിടിച്ച് മണ്ണ് കടത്തി, ഉടമക്ക് പിഴ

തിരുവനന്തപുരം: വിളവൂർക്കൽ പഞ്ചായത്തിലെ അനധികൃത മണ്ണെടുപ്പിനെതിരെ നടപടിയുമായി ജിയോളജി വകുപ്പ്. കുന്നിടിച്ച് മണ്ണ് കടത്തിയ സ്ഥലത്തിന്റെ ഉടമയ്ക്ക് പിഴ ചുമത്തും. വിഴവൂർ എരിക്കലം കുന്ന് ഇടിച്ച് നിരത്തി ലോഡ് കണക്കിന് മണ്ണാണ് കടത്തിയത്. രാത്രി കാലങ്ങളിലായിരുന്നു അനധികൃത മണ്ണ് കടത്തൽ. പഞ്ചായത്തിന്റെയോ ജിയോളജിയുടെയോ അനുമതി ഇല്ലാതെയാണ് കുന്ന് ഇടിച്ചു താഴ്ത്തിയത്. അധികൃതരെ നാട്ടുകാർ പലവട്ടം വിവരം അറിയിച്ചെങ്കിലും ആരും അനങ്ങിയില്ല.അനധികൃത മണ്ണെടുപ്പ് പുറത്തു കൊണ്ടുവന്നതോടെയാണ് ജിയോളജി വകുപ്പിന്റെ നടപടി.
വകുപ്പിന്റെ സ്ക്വാഡ് സ്ഥലത്ത് എത്തി പരിശോധിച്ചു. ജില്ലാ ജിയോളജിസ്റ്റ് വിഎസ് രാജീവിന്റെ നിർദ്ദേശ പ്രകാരം ജിയോളജിസ്റ്റ് രേഷ്മയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. തുടർന്നാണ് സ്ഥലത്തിന്റെ ഉടമയ്ക്കും പിഴ ചുമത്താൻ തീരുമാനിച്ചത്. ഭൂമിയുടെ രേഖകൾ വില്ലേജിനോട് ജിയോളജി വകുപ്പ് ആവശ്യപ്പെടും.




