മൂന്നുമാസത്തിനിടയിൽ കണ്ടെത്തിയത് 27 ഫോൺ; മാതൃകയായി ഇരിട്ടി പോലീസ്

ഇരിട്ടി: മൂന്നുമാസത്തിനിടയിൽ 27 ഫോൺ കണ്ടെത്തി നൽകി മാതൃകയായി ഇരിട്ടി പോലീസ്. സൈബർസെല്ലിന്റെ സഹായത്തോടെയാണ് മൂന്നുമാസത്തിനിടയിൽ വിലപിടിപ്പുള്ള 27 മൊബൈൽഫോണാണ് കണ്ടെത്തി നൽകിയത്. കണ്ടെത്തിയവയിൽ 17 എണ്ണം സി ഐആർ പോർട്ടൽ സംവിധാനത്തിലൂടേയും 10 എണ്ണം ലൈവ് ലൊക്കേഷൻ അന്വേഷണത്തിലുമാണ് കണ്ടെത്തിയതെന്ന് ഇൻസ്പെക്ടർ എ. കുട്ടികൃ ഷ്ണൻ പറഞ്ഞു. പരാതികൾ സ്വീകരിക്കാനും ടെലികമ്യൂണിക്കേഷൻ വകുപ്പുമായി സഹകരിച്ച് ഉണ്ടാക്കിയ പോർട്ടൽ സംവിധാനത്തിൽ പരാതി രജിസ്റ്റർ ചെയ്യാനും മറ്റും സിവിൽ പോലീസ് ഓഫീസർ എ.എം. ഷിജോയിയും പബ്ലിക് റിലേ ഷൻസ് ഓഫീസർ കെ. രജിത്തും ഉണ്ട്.
അധ്യാപിക ശ്രീജനിയുടെ നഷ്ടപ്പെട്ട ഫോണിനായി ലൈവ് ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും പായം ജബ്ബാർക്കടവിൽ മറുനാടൻ തൊഴിലാളികളുടെ താമസസ്ഥലത്തു നിന്ന് ഇത് കണ്ടെത്തുകയും ചെയ്തു. യാത്രയ്ക്കിടയിൽ നഷ്ടപ്പെട്ടുപോയ പയ്യാവൂർ സ്വദേശി യുടെ ഫോൺ പയ്യാവൂർ സ്റ്റേഷനിലെ പിടികിട്ടാപ്പുള്ളിയായ മോഷണക്കേസ് പ്രതിയിൽനിന്നാണ് കണ്ടെത്തിയത്.




