Uncategorized

പഹല്‍ഗാം ആക്രമണം; ഇന്ന് സര്‍വ്വകക്ഷിയോഗം, അടിയന്തര കോൺഗ്രസ് പ്രവർത്തക സമിതിയും ഇന്ന് ചേരും

ഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുമായി ബന്ധപ്പെടുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ മന്ത്രിസഭാ സുരക്ഷാസമിതിയുടെ യോഗം നടന്നിരുന്നു. സിന്ധു നദീജല ഉടമ്പടി മരവിപ്പിക്കുക, പാക് പൗരന്മാര്‍ക്ക് നല്‍കിയ വിസ റദ്ദാക്കുക തുടങ്ങി പാകിസ്താനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിരുന്നു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഭീകരാക്രമണം നടന്നതിനു പിന്നാലെ അമിത്ഷായുമായി സംസാരിക്കുകയും ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്‍സിപി ഉള്‍പ്പെടെയുളള പാര്‍ട്ടികള്‍ സര്‍വ്വകക്ഷിയോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

അടിയന്തര കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയും ഇന്ന് ചേരും. വിദേശ യാത്ര റദ്ദാക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും യോഗത്തിൽ പങ്കെടുക്കും.

അതേസമയം, പഹല്‍ഗാമില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ അതത് സംസ്ഥാനങ്ങളിലേക്ക് എത്തിച്ചു. ഇടപ്പളളി സ്വദേശി എന്‍ രാമചന്ദ്രന്റെ മൃതദേഹം ഇന്നലെ രാത്രിയോടെ കൊച്ചിയിലെത്തിച്ചു. 15 മിനിറ്റ് പൊതുദര്‍ശനത്തിനുശേഷം മൃതദേഹം റിനൈ മെഡിസിറ്റിയിലേക്ക് കൊണ്ടുപോയി. വെളളിയാഴ്ച്ചയോടെയാണ് സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക. ഇടപ്പളളി ശ്മശാനത്തിലാകും രാമചന്ദ്രന്റെ സംസ്‌കാരം. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ആന്ധ്രപ്രദേശ് സ്വദേശി കെ എസ് ചന്ദ്രമൗലിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് മൃതദേഹം ഏറ്റുവാങ്ങിയത്. ചന്ദ്രമൗലിയുടെ കുടുംബാംഗങ്ങളുമായി മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു. രണ്ട് ആന്ധ്രാപ്രദേശ് സ്വദേശികളാണ് പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായവും ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button