അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ സാധാരണക്കാരുടെ വിശ്വാസം നഷ്ടപ്പെടുത്തും: തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: 2024ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടിംഗ് നിരക്കുകള്‍ സാധാരണമായിരുന്നുവെന്നും ഓരോ ബൂത്തിലും രാഷ്ട്രീയ കക്ഷികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തില്‍ കൃത്യതയോടെയും നിയമാനുസൃതമായുമാണ് വോട്ടെടുപ്പ് നടന്നതെന്നും കമ്മീഷന്‍ വ്യക്തമാക്കി.
വോട്ടര്‍ പട്ടിക നിയമപരമായി തയ്യാറാക്കിയതാണ്. ഇത് മുന്‍കൂട്ടി എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും കൈമാറുകയും ചെയ്തിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ നിയമിച്ച ഏജന്റുമാരില്‍ ആരും തിരഞ്ഞെടുപ്പ് സമയത്തോ അതിനു ശേഷമോ ഔപചാരികമായ എതിര്‍പ്പുകള്‍ ഉന്നയിച്ചിട്ടില്ല. തിരഞ്ഞെടുപ്പില്‍ പ്രതികൂല വിധിയുണ്ടാകുമ്പോള്‍ ഉയര്‍ത്തുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ സാധാരണക്കാര്‍ക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം നഷ്ടപ്പെടുത്തും. മാത്രമല്ല ലക്ഷക്കണക്കിന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും പ്രതിനിധികളുടെയും ആത്മവിശ്വാസത്തിന് ക്ഷതമുണ്ടാകാനും ഇത് കാരണമാകുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ 6.40 കോടി ആളുകളാണ് വോട്ട് ചെയ്തത്. മണിക്കൂറില്‍ ശരാശരി 58 ലക്ഷം വോട്ടുകളാണ് രേഖപ്പെടുത്തിയത്. ഒരോ പോളിങ് ബൂത്തിലും ഔദ്യോഗികമായി നിയമിച്ച പോളിങ് ഏജന്റുമാരുടെയും സ്ഥാനാര്‍ത്ഥികള്‍ അല്ലെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഔദ്യോഗികമായി നിയമിച്ച പോളിങ് ഏജന്റുമാരുടെയും മുമ്പാകെയാണ് വോട്ടെടുപ്പ് നടന്നത്.
ഇന്ത്യയിലെ തിരഞ്ഞെടുപ്പുകള്‍ നിയമപ്രകാരം കൃത്യതയോടെ നടക്കുന്നതും അവയുടെ വ്യാപ്തിയും കൃത്യതയും ലോകമെമ്പാടും പ്രശംസിക്കപ്പെടുന്നതുമാണ്. ഏതെങ്കിലും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമത്തോടുള്ള അനാദരവാണ്. മാത്രമല്ല ഇത് രാഷ്ട്രീയപാര്‍ട്ടികള്‍ നിയോഗിച്ച പ്രതിനിധികളെ അപമാനിക്കലും തിരഞ്ഞെടുപ്പ് ജീവനക്കാരെ നിരുത്സാഹപ്പെടുത്തലുമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസ്താവനയില്‍ പറയുന്നു.




