Uncategorized

നടന്നുപോയി കല്ലറയിരുന്ന് മരിച്ചതോ, മരിച്ച ശേഷം കൊണ്ടുവച്ചതോ? നെയ്യാറ്റിൻകര ഗോപൻ്റെ മരണത്തിൽ ഇനിയും ഉത്തരമില്ല

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപന്‍റെ മരണത്തിൽ മൂന്ന് മാസം കഴിഞ്ഞിട്ടും ദുരൂഹത നീക്കാനാകാതെ പൊലീസ്. ആന്തരിക അവയവങ്ങളുടെ ശാസ്ത്രീയ പരിശോധന റിപ്പോർട്ടുകള്‍ ഫൊറൻസിക് സംഘത്തിന് ലഭിച്ചിട്ടും ഇതുവരെ അന്തിമ റിപ്പോർട്ട് കൈമാറിയിട്ടില്ല. മരണ ശേഷം മൃതദേഹം സമാധി സ്ഥലത്ത് കൊണ്ടുവച്ചതാകാമെന്ന നിഗമനത്തിലാണ് ഇതേവരെയുള്ള അന്വേഷണത്തിൽ പൊലീസ് നിഗമനം.
നെയ്യാറ്റിൻകര ഗോപൻ സമാധിയായെന്ന ഭാര്യയുടെയും മക്കളുടെയും വെളിപ്പെടുത്തൽ ഏറെ വിവാദമായിരുന്നു. നിരവധി അസുഖങ്ങള്‍ അലട്ടിയിരുന്ന ഗോപൻ നടന്ന് പോയി മുമ്പേ തയ്യാറാക്കിയ സമാധി സ്ഥലത്തിരുന്നു മരിച്ചുവെന്നും, ആരെയും അറിയിക്കാതെ കല്ലറയുണ്ടാക്കി അടക്കിയെന്നായിരുന്നു വാദങ്ങള്‍. വിവാദങ്ങളെ തുടർന്ന് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയെങ്കിലും മരണകാരണം ഇന്നും ദുരൂഹമായി തുടരുന്നു. മൃതദേഹത്തിലുണ്ടായിരുന്ന മുറിവും ക്ഷതവും മരണകാരണമെല്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ.
കല്ലറക്കുള്ളിൽ നിറയെ ഭസ്മം നിറച്ചിരുന്നു. ഈ ഭസ്മം ശ്വസകോശത്തിലേക്ക് പോയിട്ടുമില്ല. മൃതദേഹം അഴുകിയതിനാൽ മരണ കാരണം വ്യക്തമാകണമെങ്കിൽ ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം വരണമെന്നായിരുന്നു പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെ അഭിപ്രായം. ആന്തരിക അവയവങ്ങളുടെ പരിശോധന റിപ്പോർട്ട് ഫൊറൻസിക് സംഘത്തിന് ലഭിച്ചിട്ട് ഒരു മാസം പിന്നിടുന്നു. അന്തിമ ഫലത്തിനായി പൊലീസ് രണ്ട് പ്രാവശ്യം കത്തും നൽകി. പക്ഷെ ഇതേവരെ അന്തിമ ഫലം ഡോക്ടർമാരുടെ സംഘം കൈമാറിയിട്ടില്ല. ബന്ധുക്കള്‍ അവകാശപ്പെടുന്നതുപോലെ നടന്ന് പോയി കല്ലറിയിരുന്ന് മരിച്ചതാണോ, മരിച്ച ശേഷം കല്ലറയിൽ കൊണ്ടുവച്ചതാണോയെന്നാണ് ഇനി വ്യക്തമാകേണ്ടത്. ഈ ചോദ്യങ്ങൾക്കാണ് ഉത്തരം ലഭിക്കേണ്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button