KSRTC ടൂര്‍ പാക്കേജില്‍ ഗവിയിലേക്ക് പോയി കാട്ടില്‍ കുടുങ്ങിയ സംഘത്തെ തിരിച്ചെത്തിച്ചു

കെഎസ്ആര്‍ടിസി ടൂര്‍ പാക്കേജില്‍ ഗവിക്ക് പോയി കാട്ടില്‍ കുടുങ്ങിയ സംഘത്തെ തിരിച്ചെത്തിച്ചു. പത്തനംതിട്ടയിലേക്കാണ് ഇവരെ എത്തിച്ചത്. 38 അംഗ സംഘം ബസ് കേടായി വനമേഖലയില്‍ കുടുങ്ങുകയായിരുന്നു. കൊല്ലം ചടയമംഗലത്ത് നിന്നും യാത്ര പോയവര്‍ മൂഴിയാര്‍ വനത്തില്‍ കുടുങ്ങിയത് ഇന്നലെ രാവിലെയാണ്.
പുലര്‍ച്ചെ ചടയമംഗലത്ത് നിന്നും വിനോദയാത്രാ സംഘവുമായി ഗവിയിലേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസി ബസാണ് പതിനൊന്നരയോടെ മൂഴിയാറിലെ വനമേഖലയില്‍ തകരാറിലായത്. ബസ്സ് കേടായി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ലെന്ന് യാത്രക്കാര്‍ പറയുന്നു. കനത്ത മൂടല്‍മഞ്ഞും മഴയും ആശങ്ക വര്‍ദ്ധിപ്പിച്ചു. ഭക്ഷണം കഴിക്കുന്നതിനോ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനോ സൗകര്യം ഉണ്ടായില്ലെന്നും യാത്രക്കാര്‍ പറഞ്ഞു. ബസ്സിന് സംഭവിച്ചത് സാങ്കേതിക തകരാറെന്നും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കിയിരുന്നതായും കണ്ടക്ടര്‍ പറഞ്ഞു.
മാധ്യമ വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് കുമളിയില്‍ നിന്ന് വന്ന ട്രിപ്പ് ബസ്സില്‍ യാത്രക്കാരെ മൂഴിയാറില്‍ എത്തിച്ചത്. അതേസമയം, യാത്ര പകുതി വഴിയില്‍ ഉപേക്ഷിച്ചതിനാല്‍ ടിക്കറ്റിന്റെ പണം തിരികെ നല്‍കും. സിഎംഡിയുടെ അനുമതി ലഭിച്ചശേഷം ആയിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാക്കുക.




