വാഹനത്തിന് മുന്നിൽ ബൈക്ക് ബ്രേക്ക് ഡൗണായി; കണ്ണൂരിൽ 8 പേരടങ്ങുന്ന സംഘം 19കാരനെ തടഞ്ഞുവെച്ച് മർദിച്ചു, കേസ്

കണ്ണൂർ: കണ്ണൂർ കതിരൂരിൽ 19 വയസുകാരനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ 8 പേർക്കെതിരെ കേസ്. ചുണ്ടങ്ങാപ്പയിൽ സ്വദേശി റബീഹിനാണ് മർദ്ദനമേറ്റത്. പ്രതികളുടെ വാഹനത്തിനു മുന്നിൽ റബീഹിന്റെ ബൈക്ക് ബ്രേക്ക് ഡൗൺ ആയതിനെ തുടർന്നുണ്ടായ തർക്കമാണ് കയ്യേറ്റ ത്തിലേക്ക് നയിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവമുണ്ടാകുന്നത്. 19 വയസുള്ള വിദ്യാർത്ഥിയാണ് റബീഹ്. ഒരു ഓട്ടോയുടെ പിന്നാലെയാണ് റബീഹിന്റെ വാഹനം പോയത്. പെട്ടെന്ന് വണ്ടി ബ്രേക്ക് ഡൗണായി.
തൊട്ടുപിന്നിൽ പ്രതികളിൽ രണ്ട് പേർ സഞ്ചരിച്ചിരുന്ന വാഹനവുമുണ്ടായിരുന്നു. ഇവരും റബീഹും തമ്മിൽ വാക്കേറ്റമുണ്ടായി. പിന്നീട് ഇവർ ഇവിടെ നിന്ന് പോയെങ്കിലും പിന്നീട് എട്ട് പേരടങ്ങുന്ന സംഘമായി തിരികെയെത്തി. റബീഹിനെ ചോദ്യം ചെയ്യുകയും പിന്നീട് ഇയാളെ മർദിക്കുകയും തടഞ്ഞുവെക്കുകയും ചെയ്തു. സുജേഷ്, പ്രമിത്ത്, ശ്രീജേഷ്, അക്ഷയ്, പ്രദീപൻ, സജിത്ത്, മനീഷ്, ജിജി എന്നീ എട്ട് പേർക്കെതിരെയാണ് കതിരൂർ പൊലീസ് കേസെടുത്തിരിക്കുന്നത്. സംഘം ചേർന്ന് മർദിച്ചു, തടഞ്ഞുവെച്ചു എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.