‘ആരുടെയും വികാരത്തെ വ്രണപ്പെടുത്താന്‍ ഞങ്ങള്‍ ഉദ്ദേശിച്ചിരുന്നില്ല’; ‘എമ്പുരാനി’ലെ പ്രതിനായക താരം പറയുന്നു

സിനിമയെ സിനിമയായി കാണണമെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്ന് എമ്പുരാനില്‍ ബാബ ബജ്റംഗി എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ അഭിമന്യു സിംഗ്. ചിത്രത്തിന്‍റെ ഉള്ളടക്കത്തില്‍ സംഘപരിവാര്‍ വിമര്‍ശനം ശക്തമായതിന് പിന്നാലെ ചിത്രം റീ എഡിറ്റ് ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ സ്വമേധയാ രംഗത്തെത്തിയിരുന്നു. ഇപ്രകാരം സംഭവിച്ച കട്ടുകളിലൊന്ന് ബജ്റംഗി എന്ന പേര് ബല്‍ദേവ് എന്ന് മാറ്റുകയായിരുന്നു. ഫിലിം ഗ്യാനിന് നല്‍കിയ അഭിമുഖത്തിലാണ് വിവാദത്തെക്കുറിച്ച് അഭിമന്യു സിംഗിന്‍റെ പ്രതികരണം.
“ഞാന്‍ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഒരു സീന്‍ ആവശ്യപ്പെടുന്നത് എന്താണോ അത് ചെയ്യുകയാണ് ഒരു അഭിനേതാവിന്‍റെ ചുമതല. വിവാദമാകുന്ന കാര്യങ്ങള്‍ നമ്മള്‍ തിരിച്ചറിയണമെന്നില്ല. നമ്മുടെ വര്‍ക്ക് ഉണ്ടാക്കുന്ന പ്രതികരണങ്ങള്‍ എന്തായിരിക്കുമെന്നത് നമ്മള്‍ ശ്രദ്ധിക്കണമെന്നില്ല. സിനിമ ഇറങ്ങിയതിന് ശേഷം ചില വിവാദങ്ങള്‍ ഉണ്ടായതായി അറിഞ്ഞിരുന്നു. പക്ഷേ ആരുടെയും വികാരത്തെ വ്രണപ്പെടുത്താന്‍ ഞങ്ങള്‍ ഉദ്ദേശിച്ചിരുന്നില്ല. അഭിനയിക്കാനുള്ള സീനുകളും ഡയലോഗുകളും മാത്രമാണ് എനിക്ക് കിട്ടിയിരുന്നത്. എന്താണ് സീന്‍ എന്നതും ഞാന്‍ എന്താണ് ചെയ്യേണ്ടത് എന്നതും മാത്രമായിരുന്നു എന്‍റെ ശ്രദ്ധ”, അഭിമന്യു സിംഗ് പറയുന്നു.
ചിത്രത്തിന്‍റെ ക്ലൈമാക്സില്‍ അവതരിപ്പിച്ച കഥാപാത്രം ഉപയോഗിക്കുന്ന കടുത്ത ഭാഷാപ്രയോഗങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് അഭിമന്യു സിംഗ് ഇങ്ങനെ പറയുന്നു- “അത് സംവിധായകന്‍റെ വിഷന്‍ ആണ്, എത്രത്തോളം വയലന്‍സ് സിനിമയില്‍ കാണിക്കണം എന്നത്. സിനിമയുടെ കഥ വയലന്‍സ് എത്രത്തോളം ആവശ്യപ്പെടുന്നു എന്നത്. അത് സംവിധായകരെയും എഴുത്തുകാരെയും ആശ്രയിച്ചാണ് ഇരിക്കുന്നത്. സീനുകള്‍ എത്തരത്തില്‍ ഉണ്ടാക്കിയെടുക്കണമെന്നാണ് അവരാണ് തീരുമാനിക്കുന്നത്. അത് ചെയ്ത് കൊടുക്കല്‍ മാത്രമാണ് അഭിനേതാക്കള്‍ ചെയ്യുന്നത്”, അഭിമന്യു സിംഗ് പറയുന്നു. നെഗറ്റീവ് റോളുകളിലൂടെ മുന്‍പും തിളങ്ങിയിട്ടുള്ള ആളാണ് അഭിമന്യു സിംഗ്. അതേക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറയുന്നു- “കഥാപാത്രങ്ങള്‍ അഭിനേതാക്കളെ തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. പ്രത്യേകിച്ചും നിങ്ങളെ ശ്രദ്ധേയരാക്കുന്ന വേഷങ്ങള്‍. അത്തരം വേഷങ്ങളെ നിങ്ങള്‍ക്ക് തേടിപ്പോവാനാവില്ല. വരുന്ന വേഷങ്ങളില്‍ ഏറ്റവും മികച്ചത് തെരഞ്ഞെടുക്കുകയും ചെയ്യുകയും മാത്രമാണ് വേണ്ടത്. പല തരത്തിലുള്ള കഥാപാത്രങ്ങളെ എനിക്ക് അവതരിപ്പിക്കണമെന്നുണ്ട്”, അഭിമന്യു സിംഗ് പറഞ്ഞവസാനിപ്പിക്കുന്നു.