ആരോഗ്യകാരണം പറഞ്ഞ് കോടതിയില്‍ ഹാജരായില്ല; സ്വന്തം സിനിമയുടെ പ്രത്യേക പ്രദര്‍ശനം കണ്ട് ദര്ശന്

ബെംഗളൂരു: കോടതിയില്‍ ഹാജരാവാനുള്ള നിര്‍ദേശം ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഒഴിവാക്കിയ കന്നഡ ചലച്ചിത്രതാരം ദര്‍ശന്‍ തൂഗുദീപ സിനിമ കാണാന്‍ എത്തിയതായി ആക്ഷേപം. രേണുക സ്വാമി കൊലക്കേസില്‍ ജാമ്യത്തിലുള്ള ദര്‍ശന്‍ തന്‍റെ പുതിയ ചിത്രം വാമനയുടെ ബെംഗളൂരുവില്‍ നടന്ന പ്രത്യേക സ്ക്രീനിംഗിലാണ് പങ്കെടുത്തത്. ചൊവ്വാഴ്ച വൈകിട്ട് ആയിരുന്നു സിനിമാ പ്രദര്‍ശനം. നടുവേദന കാരണമായി പറഞ്ഞ് കോടതിയില്‍ ഹാജരാവുന്നത് ഒഴിവാക്കി മണിക്കൂറുകള്‍ക്കിപ്പുറമാണ് ദര്‍ശന്‍ സിനിമ കാണാന്‍ എത്തിയത്. ഇത് വിവാദമായിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ബെല്ലാരിയിലെ ജയിലില്‍ കഴിയുമ്പോള്‍ ദര്‍ശന് അസഹനീയമായ നടുവേദന ഉള്ളതായി അഭിഭാഷകര്‍ വാദിച്ചിരുന്നു. അടുത്തുള്ള ആശുപത്രിയില്‍ വാദ്‍ഗാനം ചെയ്യപ്പെട്ട ദര്‍ശന്‍ തന്നെ ചികിത്സയ്ക്കായി ബെംഗളൂരുവില്‍ എത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ആരോഗ്യകാരണങ്ങളാല്‍ ജാമ്യം ലഭിച്ച ദര്‍ശന്‍ നഗരത്തിലെ ഒരു ആശുപത്രിയില്‍ ഉടന്‍ അഡ്മിറ്റ് ആയി. അതേസമയം ഇനി വിളിപ്പിക്കുമ്പോഴെല്ലാം മുടക്കം കൂടാതെ ഹാജരായേ തീരൂവെന്ന് കോടതി നടന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തന്‍റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത 75 ലക്ഷം രൂപ തിരികെ ലഭിക്കണമെന്ന ദര്‍ശന്‍റെ ആവശ്യമുള്‍പ്പെടെയാണ് കോടതി കഴിഞ്ഞ ദിവസം പരിഗണിക്കേണ്ടിയിരുന്നത്. അതേസമയം പവിത്ര ഗൗഡ ഉള്‍പ്പെടെയുള്ള മറ്റ് പ്രതികളെല്ലാം കോടതിയില്‍ ഹാജരായിരുന്നു. കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികള്‍ക്കും കഴിഞ്ഞ വര്‍ഷം ജാമ്യം ലഭിച്ചിരുന്നു.