മാസപ്പടി കേസിൽ നിർണായക നടപടിയുമായി ഇഡി; എസ്എഫ്ഐഒ കുറ്റപത്രത്തിന്‍റെ പകർപ്പ് ലഭിക്കാൻ കോടതിയിൽ അപേക്ഷ നൽകി

കൊച്ചി: മാസപ്പടി കേസിൽ നിര്‍ണായക നടപടിയുമായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. എസ്എഫ്ഐ കുറ്റപത്രത്തിന്‍റെ പകര്‍പ്പ് ലഭിക്കാൻ കോടതിയിൽ അപേക്ഷ നൽകി. എക്സാലോജിക്-സിഎംആര്‍എൽ ഇടപാടിലെ കുറ്റപത്രത്തിനായാണ് ഇഡി എറണാകുളത്തെ പ്രത്യേക കോടതിയിൽ അപേക്ഷ നൽകിയത്. ഇഡി അഭിഭാഷകനാണ് അപേക്ഷ നൽകിയത്. കുറ്റപത്രം പരിശോധിച്ചശേഷം അതിവേഗത്തിൽ അന്വേഷണം ആരംഭിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് ഇഡി നടപടി.
മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണയ്ക്കെതിരായ തെളിവുകള്‍ പരിശോധിച്ച് കള്ളപ്പണ നിരോധന നിയമപ്രകാരം നടപടിയെടുക്കാമെന്നാണ് ഇഡിയുടെ വിലയിരുത്തൽ. ഇതിന്‍റെ തുടര്‍ നടപടികളുടെ ഭാഗമായാണ് എസ്എഫ്ഐഒയുടെ കുറ്റപത്രം ആവശ്യപ്പെട്ട് അപേക്ഷ നൽകിയതെന്നാണ് വിവരം. വീണയ്ക്കെതിരെ കള്ളപ്പണ നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കാൻ ഇഡി ഡയറക്ടറുടെ അനുമതിയും ലഭിച്ചിരുന്നു.
വീണയുടെ കമ്പനിക്ക് യുഎഇയിൽ ബാങ്ക് അക്കൗണ്ട് ഉണ്ടെന്നും അമേരിക്കയിൽ നിന്നടക്കം പണം വരുന്നുന്നെന്നും കാണിച്ച് ഷോണ്‍ ജോര്‍ജ് ഇഡിക്ക് പരാതി നൽകിയിരുന്നു. സിഎംആര്‍എൽ ഉദ്യോഗസ്ഥര്‍ക്ക് ഇഡി നോട്ടീസും നൽകിയിരുന്നു. വീണയെ ചോദ്യം ചെയ്യുന്നതടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കാനാണ് ഇഡി നീക്കം.
അതേസമയം, മാസപ്പടികേസിൽ എസ്എഫ്ഐഒയുടെ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സിഎംആർഎൽ നല്കിയ ഹർജി പുതിയ ബഞ്ചിലേക്ക് വിടണമെന്ന നിർദ്ദേശത്തിൽ ചീഫ് ജസ്റ്റിസ് അടുത്തയാഴ്ച തീരുമാനമെടുക്കും. നേരത്തെ കേസ് കേട്ട ജസ്റ്റിസ് സുബ്രമണ്യം പ്രസാദിന്‍റെ ബഞ്ചിലേക്ക് കേസ് തിരിച്ചയക്കാൻ ഇന്നലെ ഹർജി പരിഗണിച്ച ജസ്റ്റിസ് ഗിരീഷ് കട്പാലിയ ഉത്തരവിട്ടിരുന്നു.