Uncategorized
‘കണക്ട് വിത് കളക്ടർ’; ആദ്യ ദിനം 300 പരാതികൾ, ഒരു പരാതി പോലും ശ്രദ്ധയിൽപെടാതെ പോകില്ലെന്ന് ഇടുക്കി കളക്ടർ

ഇടുക്കി: ‘കണക്ട് വിത് കളക്ടർ’ എന്ന പരിപാടിയിൽ ആദ്യ ആഴ്ചയിൽ 300 പരാതികൾ ലഭിച്ചെന്ന് ഇടുക്കി കളക്ടർ വി വിഗ്നേശ്വരി. എല്ലാ ബുധനാഴ്ചകളിലും വൈകീട്ട് 6 മുതൽ 7 വരെ കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കമന്‍റുകളായി പരാതികൾ ഉന്നയിക്കാം. ഇടുക്കിയുടെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് കളക്ടറെ നേരിട്ട് കാണാതെ തന്നെ പ്രശ്നങ്ങളും വികസന കാര്യങ്ങളും പങ്കുവെക്കാനുള്ള ലളിതമായ അവസരമാണിതെന്ന് കളക്ടർ പറഞ്ഞു.
ഓരോ ബുധനാഴ്ചയും വൈകിട്ട് 6 മണിക്ക് കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഒരു പോസ്റ്റ് പ്രസിദ്ധീകരിക്കും. അതിന്റെ കമന്‍റായി പരാതികൾ, പ്രശ്നങ്ങൾ, നിർദേശങ്ങൾ എന്നിവ രേഖപ്പെടുത്താം. ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് പരിഹാരം കാണുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും കളക്ടർ അറിയിച്ചു.




