Uncategorized

മാസപ്പടി കേസ്; വീണക്കെതിരായ തെളിവുകൾ വിലയിരുത്തി ഇഡി; കള്ളപണ നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന് വിലയിരുത്തൽ

ദില്ലി: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണക്കെതിരായ തെളിവുകൾ വിലയിരുത്തി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. കള്ളപണ നിരോധന നിയമപ്രകാരം നടപടിയെടുക്കാമെന്നാണ് വിലയിരുത്തൽ. അതേസമയം, എസ്എഫ്ഐഒ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ വീണയ്ക്കെതിരെ കള്ളപ്പണ നിരോധന നിയമപ്രകാരമുള്ള കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കാൻ ഇഡി ഡയറക്ടറുടെ അനുമതി ലഭിച്ചു. എസ്എഫ്ഐഒ കുറ്റപത്രം നല്‍കിയതിനെതിരെ സിഎംആർഎൽ നല്‍കിയ ഹർജി ഇന്ന് ദില്ലി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഇഡിയും നീക്കം ശക്തമാക്കുന്നത്.

മുഖ്യമന്ത്രിയുടെ മകൾ വീണ തായ്ക്കണ്ടിക്കെതിരായ കേസിൽ കൂടുതൽ കേന്ദ്ര ഏജൻസികൾ നീക്കം ശക്തമാക്കുകയാണ്. ഇഡി നേരത്തെ ഈ വിഷയത്തിൽ പരിശോധന നടത്തിയിരുന്നു. വീണയുടെ കമ്പനിക്ക് യുഎഇയിൽ ബാങ്ക് അക്കൗണ്ട് ഉണ്ടെന്നും അമേരിക്കയിൽ നിന്നടക്കം ഇതിലേക്ക് പണം വരുന്നെന്നും കാണിച്ച് ഷോൺ ജോർജ് ഇഡിക്ക് പരാതി നല്കിയിരുന്നു. സിഎംആർഎൽ ഉദ്യോഗസ്ഥർക്ക് ഇഡി നോട്ടീസും നല്‍കിയിരുന്നു. എസ്എഫ്ഐഒ അന്വേഷണം കഴിയും വരെ കാത്തിരിക്കാനാണ് പിന്നീട് ഇഡി തീരുമാനിച്ചത്. എസ്എഫ്ഐഒ ശേഖരിച്ച രേഖകളും കുറ്റപത്രത്തിൻ്റെ വിശദാംശവും ആവശ്യപ്പെട്ട് കത്ത് നല്‍കിയെന്ന് ഇഡി വൃത്തങ്ങൾ പറഞ്ഞു. കള്ളപ്പണ നിരോധന നിയമത്തിൻ്റെ പരിധിയിൽ ഇക്കാര്യം വരും എന്നാണ് ഇഡി നിഗമനം ഇഡി ഡയറക്ടര്‍ അടക്കമുള്ളവർ വിഷയം പരിശോധിച്ച് പുതിയ കേസെടുത്ത് അന്വേഷിക്കാൻ അനുമതി നല്‍കിയിട്ടുണ്ട്.

വീണയെ ചോദ്യം ചെയ്യുന്നത് അടക്കം ആലോചനയിലുണ്ടെന്നും ഉന്നതവൃത്തങ്ങൾ പറഞ്ഞു. എന്നാൽ എസ്എഫ്ഐഒ കുറ്റപത്രത്തിനെതിരെ സിഎംആർഎൽ നല്‍കിയ ഹർജിയിൽ ദില്ലി ഹൈക്കോടതി എടുക്കുന്ന നിലപാട് ഇഡിയുടെ നീക്കങ്ങൾക്കും ബാധകമാകും. കോടതി വാക്കാൽ നല്‍കിയ നിർദ്ദേശം എസ്എഫ്ഐഒ മറികടന്നു എന്നാണ് സിഎംആർ ആരോപണം. കേസെടുക്കാനുള്ള തെളിവുണ്ടെന്ന് ഇഡി കൂടി കണ്ടെത്തിയതോടെ മാസപ്പടി കേസിൽ വരും നാളുകളിൽ രാഷ്ട്രീയ കോളിളക്കത്തിന് ഇടയാക്കുന്ന വലിയ നീക്കങ്ങൾക്ക് സാധ്യതയേറുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button